ധീരജിന് നാടിന്റെ യാത്രാമൊഴി

 

തളിപ്പറമ്പ് :-  കൊലക്കത്തിക്കിരയായ എസ്.എഫ്.ഐ. നേതാവ് ധീരജിന് നാടിന്റെ യാത്രാമൊഴി. ഇടുക്കി ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽനിന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം റോഡുമാർഗം ചൊവ്വാഴ്ച രാത്രിക്കുശേഷം പന്ത്രണ്ടരയോടെയാണ് മൃതദേഹം തളിപ്പറമ്പ് തൃച്ചംബരം-മുയ്യം റോഡിൽനിന്ന് അല്പമകലെയുള്ള 'അദ്വൈത'ത്തിൽ എത്തിച്ചത്.

അതിനുമുൻപ്‌ സി.പി.എം. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിച്ച മൃതദേഹം മന്ത്രി എം.വി.ഗോവിന്ദൻ, ജെയിംസ് മാത്യു, കെ.സന്തോഷ്‌, ഡി.വൈ.എഫ്.ഐ. നേതാക്കളായ എം.ഷാജർ, മനുതോമസ്, പി.കെ.ശ്യാമള എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. നൂറുകണക്കിനാളുകൾ ആദരാഞ്ജലികളർപ്പിച്ചു.

തുടർന്ന് വിലാപയാത്രയായാണ് രണ്ടുകിലോമീറ്റർ അകലെയുള്ള വീട്ടിലെത്തിച്ചത്. വീട്ടിലെത്തിച്ച മൃതദേഹത്തിൽ അമ്മ പുഷ്കല, അച്ഛൻ രാജേന്ദ്രൻ, സഹോദരൻ അദ്വൈത് എന്നിവരും ബന്ധുക്കളും ധീരജിന് അന്ത്യചുംബനമർപ്പിച്ചപ്പോൾ വീട്ടിൽ കൂട്ടക്കരച്ചിലുയർന്നു. വീടിന് തൊട്ടടുത്ത് സി.പി.എം. ജില്ലാ കമ്മിറ്റി മുൻകൈയെടുത്ത് വിലയ്ക്കുവാങ്ങിയ ഭൂമിയിലാണ് ചിതയൊരുക്കിയത്. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ മൃതദേഹം സംസ്കരിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥിയായ സഹോദരൻ അദ്വൈതാണ്‌ ചിതയ്ക്ക് തീക്കൊളുത്തിയത്‌.

രാത്രി പത്തരയോടെ ജില്ലാ അതിർത്തിയായ മാഹിപ്പാലത്തിന് സമീപം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിൽ നേതാക്കൾ മൃതദേഹം ഏറ്റുവാങ്ങി.

ഡി.വൈ.എഫ്.ഐ. നേതാക്കളായ എ.എ.റഹിം, വി.കെ.സനോജ്, എസ്.സതീഷ്, ഇടുക്കി ജില്ലാ ഭാരവാഹികളായ രമേശ്‌ കൃഷ്ണൻ, സുമേഷ്, എസ്.എഫ്.ഐ. നേതാക്കളായ വി.പി.സാനു, സച്ചിൻദേവ് എം.എൽ.എ., ഷിബിൻ കാനായി, വി.കെ.വിനീഷ്, ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ, സി.എൻ.കൃഷ്ണൻ എന്നിവരാണ് മൃതദേഹത്തെ ഇടുക്കിയിൽനിന്ന് അനുഗമിച്ചത്.

തലശ്ശേരി, താഴെചൊവ്വ, കണ്ണൂർ ടൗൺ, തളിപ്പറമ്പ് സി.പി.എം. ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ഓരോ സ്ഥലത്തും നിരവധി സംഘടനകൾക്കുവേണ്ടി മൃതദേഹത്തിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു. ശവസംസ്കാരത്തിനുശേഷം അനുശോചനയോഗം ചേർന്നു.




Previous Post Next Post