പൊലീസ് നിയന്ത്രണം മയപ്പെടുത്തി സർക്കാർ: മകരവിളക്കിന് കൂടുതൽ പേർക്ക് ശബരിമലയിൽ തങ്ങാൻ അനുമതി


പത്തനംതിട്ട :- 
മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാനാൻ അനുവദിക്കും. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പൊലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ശേഷം പമ്പ ഹിൽ ടോപ്പിൽ മകരവിളക്ക് ദർശനത്തിനുംഅനുമതി നൽകി. പുല്ലുമേട് പാഞ്ചാലിമേട് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മകരവിളക്ക് ദർശനത്തിന് സൗകര്യമൊരുക്കാനുള്ള സാധ്യതയും പരിശോധിച്ച് തുടങ്ങി..

മകരവിളക്ക് ദിവസം എത്തുന്നവരെ മാത്രം സന്നിധാനത്ത് നിർത്തിയാൽ മതിയെന്നായിരുന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയത്. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നാണ് ദേവസ്വം ബോ‍‍ർ‍ഡിന്റെ നിലപാട്. 11-ന് എരുമേലി പേട്ട തുള്ളൽ കഴിഞ്ഞാൽ സന്നിധാനത്തെത്തുന്നവർ വിളക്ക് കഴിഞ്ഞേ മടങ്ങുവെന്ന പരമ്പരാഗത രീതി തുടരണമെന്ന് ബോർഡ് സ‍ർക്കാരിനെ അറിയിച്ചു. 

സന്നിധാനത്ത് ഇപ്പോൾ 17,000 പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്. പുറത്ത് വിരിവയ്ക്കാനുള്ള സൗകര്യമുൾപ്പടെയാണിത്. 11-നാണ് എരുമേലി പേട്ട തുള്ളൽ. പേട്ടതുള്ളലിന് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഉൾപ്പടെ സന്നിധാനത്തെത്തും. ഇവരെ വിളക്ക് കഴിഞ്ഞ് മാത്രം മടങ്ങാൻ അനുവദിക്കണമെന്ന ബോ‍ർഡന്റെ നി‍ർദ്ദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. ഒപ്പം കഴി‍ഞ്ഞ പ്രാവശ്യം തീർത്ഥാടകരെ പ്രവേശിപ്പിക്കാത്ത പുല്ലമേട് പമ്പ ഹിൽടോപ്പ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലും തീർത്ഥാടകരെ പ്രവേശിപ്പിക്കാനും തീരുമാനിച്ചു.

മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ഒന്നരലക്ഷം പേർ ഇതിനകം ദർശനം നടത്തി തീർത്ഥാടകർക്ക് പകൽ സമയങ്ങളിൽ സന്നിധാനത്ത് വിരിവയ്ക്കാൻ അനുമതി നൽകി. കരിമല വഴിയുള്ള കാനനപതായിൽ ഇതുവരെ പതിനൊന്നര വരെ എത്തുന്നവർക്കായിരുന്നു പ്രവേശനം. ഇത് ഉച്ചക്ക് ഒരു മണിവരെ നീട്ടി. പരമാവധി തീർത്ഥാടകർക്ക് മകരജ്യോതി കാണാൻ അവസരമൊരുക്കണമെന്ന ദേവസ്വം ബോർഡിന്റെ താല്പര്യമാണ് ഇളവുകൾ കൂട്ടാനുള്ള സർക്കാർ തീരുമാനത്തിനും കാരണമായത്.

Previous Post Next Post