ഇന്ന് ഗാന്ധിജി രക്ത സാക്ഷിത്വ ദിനം


ജനുവരി 30 ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍ ദിനമായാണ് ചരിത്രത്താളുകളുകളില്‍ കുറിച്ചത്. 

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ ഇല്ലാതാക്കിയ ദിനം. 

ഗാന്ധിജിയുടെ രക്തസാക്ഷി ദിനം 74ാം രക്തസാക്ഷി ദിനത്തില്‍ എത്തി നില്‍ക്കുമ്പോഴും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രാഷ്ട്രപിതാവിന്റെ സ്ഥാനം ഇന്നും മഹാത്മാഗാന്ധിക്ക് മാത്രം.

സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും ലോകനേതാവായുമാണ് നമ്മള്‍ കാണുന്നത്.

എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു. വര്‍ത്തമാനകാലത്ത് ഗാന്ധിജിയുടെ ചിത്രത്തെയും പേരിനെപ്പോലും ഭയക്കുന്ന ഭരണാധികാരികള്‍ രാജ്യം ഭരിക്കുമ്പോള്‍ അവരുടെ നയങ്ങളും വാക്കുകളും ആ മഹത് വ്യക്തിയുടെ മഹത്വം ഒന്നുകൂടി ഓരോ ഭാരതിയനെയും ഓര്‍മ്മപ്പെടുത്തുകയാണ്.

1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്. ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് കൈയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്.

സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താൽ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാർത്ഥനയ്ക്കായി അനുയായികൾ കാത്തിരിക്കുന്ന പ്രാർത്ഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.

ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന ബെറെറ്റ പിസ്റ്റൾ  ഇരുകൈയ്യുകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: "നമസ്തേ ഗാന്ധിജി". ഗാന്ധിജിയുടെ പാദം ചുംബിക്കുവാൻ അയാൾ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി.

"ഹേ റാം, ഹേ റാം" എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.

വെടികൊണ്ടു വീണ പൂന്തോട്ടത്തിൽ നിന്ന് ഗാന്ധിജിയുടെ മൃതദേഹം ബിർളാഹൗസിലേയ്ക്ക് മാറ്റി. അവിടെനിന്നും വിലാപയാത്രയായി യമുനാ നദിയുടെ തീരത്തെ ശ്മശാനമായ രാജ്‌ഘട്ടിലേയ്ക്ക് കൊണ്ടുപോയി. 250 പേരടങ്ങുന്ന, കര-കടൽ-വ്യോമ സൈനികരുടെ ഒരു സംഘമാണ് ശവമഞ്ചം വഹിച്ചുകൊണ്ട് പോയത്. പത്ത് ലക്ഷത്തോളം പേർ പങ്കെടുത്ത വിലാപയാത്ര ലക്ഷ്യസ്ഥാനത്തെത്താൻ അഞ്ച് മണിക്കൂറെടുത്തു.

ഹൈന്ദവ പാരമ്പര്യമനുസരിച്ച്, ഗാന്ധിജിയുടെ മൂത്തപുത്രനായ ഹരിലാലിന്റെ അസാന്നിധ്യത്തിൽ ചടങ്ങുകൾ നിർവഹിക്കാൻ ചുമതലപ്പെട്ട രാംദാസാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

ഗാന്ധിജിയുടെ വധം ലോകമെങ്ങും ചലനങ്ങളുണ്ടാക്കി. 

ഇംഗ്ലണ്ടിലെ ജോർജ്ജ് ആറാമൻ രാജാവ്, പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി, വിൻസ്റ്റൺ ചർച്ചിൽ, സ്റ്റാഫോർഡ് ക്രിപ്സ്, ജോർജ്ജ് ബർണാർഡ് ഷാ, ഹാരി എസ്. ട്രൂമാൻ എന്നിങ്ങനെ അനേകം പേർ ഡൽഹിയിലേക്ക് അനുശോചനസന്ദേശമയച്ചു.

ഫ്രാൻസിന്റെ പ്രധാനമന്ത്രി ജോർജെസ് ബിദാർഡ് അഭിപ്രായപ്പെട്ടു

“ മനുഷ്യസാഹോദര്യത്തിൽ വിശ്വസിക്കുന്നവരെല്ലാം ഗാന്ധിജിയുടെ മരണത്തിൽ വിലപിക്കും ”

വാഷിങ്ങ്ടണിൽ പ്രസിഡന്റ് ഹാരി ട്രൂമാൻ പ്രഖ്യാപിച്ചു.

“ ഇന്ത്യയോടൊപ്പം ലോകം മുഴുവൻ ദു:ഖിക്കുന്നു. ”

ഗാന്ധിജിയുടെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന മുഹമ്മദ് അലി ജിന്ന പറഞ്ഞു.

“ മരണത്തിന്റെ മുന്നിൽ ഒരഭിപ്രായവ്യത്യാസവുമില്ല. ”

ഹിന്ദുസ്ഥാൻ ടൈംസ്, അന്നത്തെ മുഖപ്രസംഗം ചേർക്കുന്ന താൾ ശൂന്യമാക്കിയിട്ടുകൊണ്ട് അതിന്റെ നടുക്ക് എഴുതി.

“ ആരുടെ പാപമോചനത്തിനുവേണ്ടി ഗാന്ധിജി ജീവിച്ചുവോ, അവർ തന്നെ അദ്ദേഹത്തെ വധിച്ചു.

Previous Post Next Post