കണ്ണൂർ :- സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചെയർമാൻ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഗ്രൗണ്ടിന് ചുറ്റും വേലി കെട്ടിയതിൽ ഡിഫൻസ് സെക്യൂരിറ്റി ചീഫിനോട് ബാലാവകാശ കമ്മിഷൻ റിപ്പോർട്ടും തേടി.
രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കണ്ണൂരിലെ പ്രധാന വിദ്യാലയങ്ങളില്‍ ഒന്നാണ് സെന്‍റ് മൈക്കിള്‍സ് സ്കൂള്‍. നൂറ്റാണ്ടിന്‍റെ ചരിത്രമുള്ള ഈ സ്കൂളിലേക്ക് വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന വഴിയാണ് ഡി.എസ്.സി അധികൃതര്‍ അടച്ചത്.
കഴിഞ്ഞ ദിവസം സപ്ലൈകോയിൽ നിന്ന് 92 ചാക്ക് അരിയുമായി ലോറി സ്കൂളിനു സമീപമെത്തിയപ്പോൾ സ്കൂളിലേക്കുള്ള പ്രവേശന ഭാഗം അടച്ചതിനാൽ ലോറി സ്കൂളിനു സമീപം വഴിയരികിയിൽ നിർത്തിയിട്ടു.
സ്കൂൾ അധികൃതർ പട്ടാള അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വഴി നൽകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പട്ടാള അധികൃതർ.
കഴിഞ്ഞ മാസം സ്കൂളിലേക്കുള്ള അരിയുമായെത്തിയ ലോറി മൈതാനത്തിലൂടെ കടന്നു പോകാൻ പട്ടാള അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ ഇത്തവണ അരിയുമായി ലോറി എത്തിയെങ്കിലും വേലി തുറക്കാൻ പട്ടാളം തയാറായില്ല. സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോൺ ഫ്രാൻസിസ് കലക്ടറേറ്റിലെത്തി കലക്ടർ എസ്.ചന്ദ്രശേഖറിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അരിയിറക്കാൻ സൗകര്യം ചെയ്യണമെന്ന് കലക്ടർ ഡിഎസി കമൻഡാന്റിനോടു ഫോണിൽ അഭ്യർഥിച്ചെങ്കിലും വഴി നൽകാനാകില്ലെന്ന നിലപാട് കമൻഡാന്റ് ആവർത്തിച്ചു.തുടർന്ന് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചുമടായി സ്കൂളിലേക്ക് കൊണ്ടു വരേണ്ടി വന്നു.
ഡിഫൻസ് ലാൻഡ് എന്ന ബോർഡ് സ്ഥാപിച്ച് 5 മാസം മുൻപാണ് ഡിഎസ് സി അധികൃതർ സ്കൂളിനു മുൻവശം മൈതാനിയുടെ 2 ഭാഗം ഇരുമ്പ് കമ്പി കൊണ്ട് മതിൽ കെട്ടി അടച്ചത്. കടുത്ത പ്രതിഷേധം ഉയർന്നെങ്കിലും നടപടിയിൽ നിന്ന് പട്ടാള അധികൃതർ പിൻവാങ്ങിയില്ല. സ്കൂളിലേക്കുള്ള വഴി തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ച് ഒരു ഭാഗം വേലികെട്ടുന്നത് ഒഴിവാക്കിയിരുന്നെങ്കിലും കഴിഞ്ഞ മാസം മൈതാനിയുടെ എല്ലാ ഭാഗവും വേലികെട്ടി അടച്ചു. ഇതോടെ സ്കൂളിലേക്കുള്ള പ്രവേശനം അവതാളത്തിലായി.
2500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിനു മുൻവശം 150 വർഷത്തോളമായി ഉപയോഗിച്ചു വരുന്ന മൈതാനിയാണ് മുന്നറിയിപ്പില്ലാതെ പട്ടാള അധികൃതർ അടച്ചത്.