ചിറക്കൽ:- തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായിരുന്നു മരണത്തോടെ തന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകണമെന്നത്. കണ്ണൂര്‍ ജില്ലയിലെ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ശ്രീനിലയം വീട്ടിലെ കെ.വി. രമേഷിന്റെ (56)ആഗ്രഹം പൂര്‍ത്തീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ബന്ധുക്കള്‍.
പൊതുമരാമത്ത് (പിഡബ്ല്യുഡി) വകുപ്പില്‍ ക്ലര്‍ക്കായ രമേശന്‍ എതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുഴഞ്ഞ് വീണ് തലക്ക് ക്ഷതമേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ മസ്തിഷ മരണം സംഭവിച്ചതായി ഡോക്ടര്‍ വിധിയെഴുതി. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ബന്ധുക്കള്‍ അവയവദാനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. കേരളത്തിലുള്ള ഒരുവ്യക്തിയുടെ അവയവങ്ങള്‍ കര്‍ണാടകയില്‍ വെച്ച് ദാനം ചെയ്യാനുള്ള സമ്മതപത്രങ്ങള്‍ തയ്യാറാക്കാന്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കര്‍ണാടകയിലെ ഒബിസി മോര്‍ച്ച ദേശീയ സെക്രട്ടറി യശ്പാല്‍ ആനന്ദ് സുവര്‍ണയുടെ സഹായത്തോടെ ഉഡുപ്പി സ്വദേശി ശ്രീകുമാറും ഇടപെട്ട് ഇന്നലെ വൈകിട്ടോടെ അവയവങ്ങള്‍ ദാനം ചെയ്തു.
രമേശിന്റെ രണ്ട് കണ്ണുകളും ഒരു വൃക്കയും മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയിലും ഒരു വൃക്ക ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം വഹിച്ച എജെ ആശുപത്രിക്കും കൈമാറി. കരള്‍ മംഗ്ലൂര്‍ വിമാനത്താവളം വഴി ബംഗ്ലൂരുവിലേക്കാണ് കൊണ്ടുപോയത്. ഇതോടെ രമേഷിന്റെ ജീവന്‍ നാലുപേരില്‍ കൂടി തുടിക്കും. സേവാഭാരതി ചിറക്കല്‍ യൂണിറ്റ് പ്രസിഡണ്ടാണ് രമേഷ്.
രമേഷിന്റെ മൃതദേഹം ഇന്ന്(19/02/22) കണ്ണൂരിലെ പയ്യാമ്പലത് സംസ്‌കരിക്കും. പിതാവ്: പരേതനായ ഉണ്ണികൃഷ്ണന്‍ മാരാര്‍. മാതാവ്: ലക്ഷ്മികുട്ടി അമ്മ. ഭാര്യ: പ്രേമലത. മക്കള്‍: സിദ്ധാര്‍ത്ഥ്, സൗരവ്. സഹോദരി: പൂര്‍ണിമ.