കണ്ണൂർ: - ഭക്ഷണം കഴിക്കാതെ കുറുമ്പ് കാട്ടുന്ന കുരുന്നുകളെ പാട്ടിലാക്കാൻ കൂടാളി പഞ്ചായത്തിലെ അങ്കണവാടികളിൽ പോഷക സമൃദ്ധമായ ഭക്ഷണ മെനു തയ്യാറായി. പ്രഭാതത്തിൽ സാധാരണ നൽകുന്ന ലഘുഭക്ഷണത്തിന് പകരം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇഡ്ഡലിയും സാമ്പാറും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ദോശയും കടലക്കറിയുമാണ് ഇനി നൽകുക. ഉച്ച ഭക്ഷണം സാധാരണ പോലെ കഞ്ഞിയും പയറുമാണെങ്കിലും ബുധനാഴ്ചകളിൽ പുലാവ് ലഭ്യമാക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് റവ കൊണ്ടുള്ള പലഹാരവും ബാക്കിയുള്ള ദിവസങ്ങളിൽ മുട്ടയപ്പവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കാനും അവർ കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുമാണ് വ്യത്യസ്തമായ മെനു തയ്യാറാക്കിയത്. മാർച്ച് ഒന്ന് മുതലാണ് പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും പുതിയ മെനുവിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം നൽകുക.
ഭക്ഷണക്രമം നടപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും പഞ്ചായത്തും ഐ സി ഡി എസും സജ്ജമാക്കി. മിക്‌സർ ഗ്രൈന്റർ, ഇഡ്ഡലി കുക്കർ തുടങ്ങിയവ എല്ലാ അങ്കണവാടികൾക്കും നൽകിയിട്ടുണ്ട്. ഇതു കൂടാതെ അങ്കണവാടിയിൽ എത്തുന്ന ഗർഭിണികൾക്കും ആറ് മാസം വരെ പ്രായമുള്ള കുട്ടികളുടെ അമ്മമാർക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മുട്ടയും പാലും നൽകും. സാധാരണ ഇവർക്ക് വീടുകളിലേക്ക് നൽകുന്ന അനുപൂരക പോഷകാഹാരത്തിന് പുറമെയാണിത്.
26 അങ്കണവാടികളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ അരുൺ രേണുക ദേവിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. അങ്കണവാടികൾക്ക് അനുവദിക്കുന്ന അനുപൂരക പോഷകാഹാര പദ്ധതി തുക വിനിയോഗിച്ചാണ് ഇത് നടപ്പാക്കുക.