മയ്യിൽ:-പത്തുവർഷം മുമ്പ് കാണാതായ ആളെ മയ്യിൽ പോലീസ് നാഗപൂരിൽ കണ്ടെത്തി. മുല്ലക്കൊടി നണിയൂർ നമ്പ്രത്തെ ചെന്നക്കണ്ടത്തിൽ എൻ. കെ. സതീശനെയാണ് മയ്യിൽ സി.ഐ. ബിജു പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ. ടി. സുനിൽകുമാറും സംഘവും കണ്ടെത്തിയത്.
2012ൽ വീടിറങ്ങിയതാണ് സതീശൻ. തുടർന്ന് മലേഷ്യയിലാണെത്തിയത്. അതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ട് 2019ൽ നാട്ടിലേക്ക് വരികയാണെന്ന് അറിയിച്ചിരുന്നു. എന്നാൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ സതീശനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
ഇതേ തുടർന്ന് 2019ൽ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സതീശൻ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാത്തതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ആഴ്ച ഇയാളെ കണ്ടെത്താൻ മയ്യിൽ പോലീസ് ഊർജിതമായി അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ ആധാർ കാർഡ് ഉപയോഗിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതായും എ.ടി.എം ഇടപാട് നടത്തുന്നതായും കണ്ടെത്തി. തുടർന്നാണ് നാഗപൂരിലെത്തി കസ്റ്റഡിയിലെടുത്തത്. എ.എ സ്.ഐ. രാജേഷ്, സീനിയർ സി. പി.ഒ: വിനോദ്, സി.പി.ഒ: അനിൽ കെ. ദാസ് എന്നിവരും സതീശനെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നു.
ഇന്ന് രാവിലെ സതീശനുമായി പോലീസ് സംഘം നാട്ടിലേക്ക് പുറപ്പെട്ടു.