കണ്ണൂർ:-ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ അടങ്ങിയ ടൂറിസം കലണ്ടർ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ പ്രകാശനം ചെയ്തു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് ടൂറിസം കലണ്ടറിന് രൂപം നൽകിയിട്ടുള്ളത്. ആംഗ്ലിങ്ങ് ചാമ്പ്യൻഷിപ്പ്, ഇന്റർനാഷണൽ കയാക്കിങ് ഫെസ്റ്റ്, ബീച്ച് ഫുട്‌ബോൾ, മൺസൂൺ സൈക്ലിങ്, കണ്ണൂർ ഹാൻഡ്ലൂം ഫാഷൻ ഫെസ്റ്റിവൽ, മ്യൂറൽ പെയിന്റിംഗ് മത്സരം, ട്രക്കിങ്ങ്, കണ്ണൂർ ഫുഡ് ഫെസ്റ്റിവൽ, ഫോട്ടോഗ്രാഫി എക്‌സിബിഷൻ, തെയ്യം ഫോട്ടോഗ്രാഫി കോമ്പറ്റിഷൻ, ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ, കളരി ചാമ്പ്യൻഷിപ്പ്, ബീച്ച് റൺ തുടങ്ങിയവ കലണ്ടറിന്റെ ഭാഗമായി വിവിധ മാസങ്ങളിലായി സംഘടിപ്പിക്കും. വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഓരോ പരിപാടികൾക്കും രൂപം കൊടുത്തിട്ടുള്ളത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് കണ്ണൂർ സന്ദർശിക്കാനുള്ള അവസരമാണ് കലണ്ടറിലൂടെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഉദ്ദേശിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പരിപാടികളുടെ തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചടങ്ങിൽ ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാർ, ഡിടിപിസി ഇൻഫർമേഷൻ അസിസ്റ്റന്റ് പി ആർ ശരത്കുമാർ, ടൂറിസം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശബരീഷ് എന്നിവർ പങ്കെടുത്തു.