നാറാത്ത്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള യൂത്ത് ക്ലബ്ബ്,യുവാ ക്ലബ്ബ് ,വനിത ക്ലബ്ബ്,കാർഷിക ക്ലബ്ബ് ഭാരവാഹികളുടെ യോഗം നടത്തി.
യോഗത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. പഞ്ചായത്ത് പരിധിക്കുള്ളിലുള്ള ക്ലബ്ബുകളുടെ തുടക്കം, അവരുടെ പൊതുവേയുള്ള വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ, കോവിഡ് 19,പ്രകൃതി ദുരന്തങ്ങൾ എന്നീ സമയങ്ങളിലെ പ്രവർത്തനങ്ങൾ,കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, കിട്ടിയ അംഗീകാരങ്ങൾ, അവർ നേരിടുന്ന പ്രശ്നങ്ങൾ, പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായങ്ങൾ തുടങ്ങിയവ കോർത്തിണക്കി മുഴുവൻ ക്ലബ്ബുകളിൽ നിന്നും ചോദ്യാവലി പൂരിപ്പിച്ച് വാങ്ങി റിക്കാർഡ് തയ്യാറാക്കുകയും വരും വർഷങ്ങളിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുകയും ബാക്കിയുള്ള കാര്യങ്ങൾ മറ്റു ഏജൻസികളുമായി ബന്ധപ്പെട്ടോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
അതുവഴി യുവജന രംഗത്ത് കേരളത്തിലെ തന്നെ മാതൃക പഞ്ചായത്തായി നാറാത്ത് പഞ്ചായത്തിനെ മാറ്റുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. യോഗത്തിൽ കണ്ണൂർ എ ഇ ഒ കൃഷ്ണൻ മാസ്റ്റർ, മനോജ് മാസ്റ്റർ, യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി തുടങ്ങിയവർ സംസാരിച്ചു.