പാപ്പിനിശ്ശേരി :- കണ്ണൂർ, കാസർകോട് ജില്ലകളിലെ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന മലനാട് മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി വളപട്ടണം പുഴയിൽ പുതിയ ജെട്ടികൾ ഒരുങ്ങുന്നു.
മലബാർ റിവർ ക്രൂസ് പദ്ധതിയിൽ ആകെ 17 ബോട്ട് ടെർമിനലുകളും 30-ഓളം ചെറു ജെട്ടികളുമാണ് ഉയരുന്നത്. വളപട്ടണം പുഴയിൽതന്നെ പാറക്കലിൽ ഇതിനകം ജെട്ടി നിർമാണം പൂർത്തിയായിട്ടുണ്ട്. പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിൽ ടെർമിനലുകളുടെ ഉദ്ഘാടനവും നടന്നു. പാപ്പിനിശ്ശേരി വെസ്റ്റിൽ പുതിയ ജെട്ടി നിർമാണം പൂർത്തിയാകുന്നതോടെ ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവീസ് തുടങ്ങും. വളപട്ടണം പുഴയുടെ മനോഹാരിത കാണാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കിത് ഏറെ ഉപകാരപ്രദമാകും.
നിലവിൽ പാപ്പിനിശ്ശേരി വെസ്റ്റിൽ പഴയ ജെട്ടിയാണുള്ളത്. മണലടിഞ്ഞ് വേലിയിറക്കസമയത്ത് ബോട്ടുകൾക്ക് നിലവിൽ പഴയ ജെട്ടിയിലേക്കടുക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പുതിയത് യാഥാർഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.
പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തുന്ന ഒരുവിഭാഗം തീർഥാടകർ ബോട്ടിലൂടെ വളപട്ടണം പുഴയിലൂടെ സഞ്ചരിക്കുന്നതും പതിവാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിനോദസഞ്ചാര പദ്ധതികളും പുരോഗമിക്കുകയാണ്. പറശ്ശിനിക്കടവിൽ 4,88,80,000 ചെലവിട്ടാണ് വിശാലമായ ബോട്ട് ടെർമിനൽ നിർമിച്ചത്. പുതിയ ജെട്ടികളും അനുബന്ധസൗകര്യങ്ങളും ഒരുങ്ങുന്നതോടെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.