ISL ഫൈനൽ കാണാൻ മലപ്പുറത്ത് നിന്ന് ഗോവയിലേക്ക് ബൈക്കിൽ പോയ രണ്ട് പേർ കാസർഗോഡ് വച്ച് അപകടത്തിൽപ്പെട്ട് മരണപ്പെട്ടു


കാസർകോട്/മലപ്പുറം:-
  ഗോവയിൽ ഐ.എസ്.എൽ. ഫൈനൽ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കായികപ്രേമികളെ നൊമ്പരത്തിലാഴ്ത്തി കാസർകോട്ടെ വാഹനാപകടം. കാസർകോട് ഉദുമയിലാണ് ഐ.എസ്.എൽ. ഫൈനൽ മത്സരം കാണാൻ ബൈക്കിൽ യാത്രതിരിച്ച രണ്ടുപേർ ലോറിയിടിച്ച് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

ഒതുക്കുങ്ങലിൽനിന്ന് ഒരു ബൈക്കിലും കാറിലുമായാണ് ഏഴംഗ സംഘം ഗോവയിലേക്ക് പുറപ്പെട്ടത്. ജംഷീറും ഷിബിലുമായിരുന്നു ബൈക്കിൽ യാത്ര ചെയ്തിരുന്നത്. മറ്റുള്ളവർ കാറിലും. പുലർച്ചെ അഞ്ചരയോടെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് ഉദുമയിൽവെച്ച് അപകടത്തിൽപ്പെട്ടത്. കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും തൽക്ഷണം മരിച്ചു.

പുലർച്ചെ മഴ പെയ്തതും ലോറിയുടെ വേഗതയും അപകടത്തിന് കാരണമായെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തിൽപ്പെട്ടവരുടെ ഫോണുകൾ അൺലോക്ക് ചെയ്ത ശേഷമാണ് പോലീസിന് അപകടവിവരം ബന്ധുക്കളെ അറിയിക്കാനായത്. ഇതോടെ കാറിൽ പോയ സംഘവും അപകടസ്ഥലത്തേക്ക് കുതിച്ചെത്തി.

ഐ.എസ്.എൽ. ടീമായ ഹൈദരാബാദ് എഫ്.സി.യുടെ താരം മുഹമ്മദ് റബീഹിന്റെ ബന്ധുവാണ് മരിച്ച ഷിബിൽ. ഫൈനൽ മത്സരത്തിന് ഇവർക്കെല്ലാം ടിക്കറ്റ് എടുത്ത് നൽകിയതും റബീഹായിരുന്നു.

മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.


Previous Post Next Post