കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ മാവില ഇനി കൂട്ടിയിട്ട് കത്തിച്ച് കളയേണ്ട, ശേഖരിച്ച് വച്ചോളൂ.. വാങ്ങിക്കാൻ കുടുംബശ്രീ പ്രവർത്തകർ എത്തും കൈ നിറയെ പണവും തരും.വെറുതേ കത്തിച്ച് കളയുന്ന മാവിലക്ക് പൈസയോ..? പലർക്കും സംശയം തോന്നാം, വെറുതെ പറയുന്നതല്ല നമ്മുടെ മാവില കൊണ്ട് ടൂത്ത് പൗഡർ നിർമാണം നിലേശ്വരത്ത് തുടങ്ങി കഴിഞ്ഞു.
നിലേശ്വരത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇനോ വെൽനസ് നിക്ക എൽ.എൽ.പി എന്ന കമ്പനിയാണ് നിക്ക എന്ന പേരിൽ മാവിന്റെ ഇല ഉപയോഗിച്ച് പൽപ്പൊടി നിർമ്മാണം ആരംഭിച്ചത്.
മാവിലയ്ക്ക് വേണ്ടി കമ്പനി അധികൃതർ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടു. തുടർന്ന് കുടുംബശ്രീ മുഖേന പഴുത്തതും ഉണങ്ങിയതുമായ നല്ല മാവില ശേഖരിച്ച് രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബശ്രീ പ്രവർത്തകരിൽ നിന്നും മാവിലകൾ കമ്പനി വാങ്ങി.
വെറുതേ കത്തിച്ച് കളയുന്ന മാവിലയ്ക്ക് കമ്പനി കുടുംബശ്രീക്കു കൊടുത്ത വില കേൾക്കേണ്ടേ. കിലോയ്ക്ക് 150 രൂപ. ഏകദേശം ഒന്നര ലക്ഷം രൂപ മാവില പെറുക്കി വിറ്റ് കുടുംബശ്രീ പ്രവർത്തകർ കൈപ്പറ്റിയതായി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഇനി നിങ്ങൾ ആലോചിക്കു മാവില കത്തിച്ചു കളയണോ അതോ ശേഖരിച്ച് വിൽക്കുന്നോ, തീർന്നില്ല വിശേഷങ്ങൾ പ്രസ്തുത കമ്പനിയുടെ പ്രവർത്തനം നമ്മുടെ പഞ്ചായത്തിലും ആരംഭിക്കാനുള്ള ആലോചന നടന്ന് വരികയാണ്.പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതാണ് മാവില കൊണ്ടുള്ള വരുമാനമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി അഭിപ്രായപ്പെട്ടു.