മയ്യിൽ:-ജലദിനത്തിൽ ജനപ്രതിനിധികളോട് സംവദിക്കാൻ അവരൊത്തു ചേർന്നു. വിവിധ പരിമിതികൾമൂലം വിദ്യാലയത്തിലെത്താൻ സാധിക്കാതെ ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം ലഭിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് കാട്ടാമ്പള്ളി കൈരളി റിസോർട്ടിലെ കെട്ടുവള്ളത്തിൽ ജനപ്രതിനിധികളോട് സംവദിച്ചത്.
സമഗ്രശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആർ.സി. കൈരളി റിസോർട്ടിന്റെ സഹകരണത്തോടെയാണ് പരിപാടിയൊരുക്കിയത്. കാട്ടാമ്പള്ളി, വളപട്ടണം, പറശ്ശിനിക്കടവ്, മാട്ടൂൽ ഭാഗങ്ങളിലെ കണ്ടൽക്കാടുകളും കൊച്ചുതുരുത്തുകളും സംഘം കണ്ടു. അപൂർവ പക്ഷികളെക്കുറിച്ചുള്ള വിവരണവും പാട്ടവതരണവും നടന്നു.
ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വിശദീകരണം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. കെ.രമേശൻ കടൂർ നിർവഹിച്ചു. മയ്യിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത് സംസാരിച്ചു. അജിത് വാരിയർ, എം.എം.മനീഷ്, എം.കെ.ഹരിദാസൻ, മാടഞ്ചേരി ധന്യസജിത്, കെ.പി.നഫീസ, എം.പി.ശാരിക, കെ.ഐശ്വര്യ, സ്നേഹവീണ, ലിഷ, സുജിന തുടങ്ങിയവർ നേതൃത്വം നൽകി.