മാതൃഭൂമി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം

 


കോഴിക്കോട്:-മലയാളിയുടെ ഒരു നൂറ്റാണ്ടിന്റെ സാക്ഷിയും ചാലകശക്തിയുമായ മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തത്സമയം ഓൺലൈൻ ഭാഷണത്തിലൂടെയാണ് ഒരുവർഷത്തെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച 10.30-ന് ഉദ്ഘാടനച്ചടങ്ങ് തുടങ്ങും. 11-ന് പ്രധാനമന്ത്രി തത്സമയം പങ്കെടുക്കും.

സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന ആശയങ്ങളിലൂന്നി 1923 മാർച്ച് 18-ന് കോഴിക്കോട്ടാണ് മാതൃഭൂമി പിറവിയെടുത്തത്.

ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നന്പൂതിരി എഴുതി ബിജിബാൽ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച് ചടങ്ങ് ആരംഭിക്കും. ആഘോഷച്ചടങ്ങിന് കഥാകൃത്ത് ടി. പത്മനാഭന്റെ നേതൃത്വത്തിൽ 11 സാംസ്കാരികനായകർ ദീപം തെളിയിച്ച് അനുഗ്രഹംചൊരിയും.

മാതൃഭൂമിയുടെ പ്രഥമ മാനേജിങ്‌ ഡയറക്ടറായിരുന്ന കെ. മാധവൻനായരുടെ പൗത്രി പി. സിന്ധുവാണ് പത്മനാഭന് വിളക്കുകൈമാറുക. അതിനുശേഷം മാതൃഭൂമി പിന്നിട്ട ചരിത്രവഴികളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ പ്രദർശനവുമുണ്ടാകും.

ശതാബ്ദിഫലകം ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവൻനായർ അനാച്ഛാദനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരൻ, കോൺഗ്രസ് നേതാവും എം.പി.യുമായ രാഹുൽഗാന്ധി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ (ഇരുവരും ഓൺലൈൻ), മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ബീനാ ഫിലിപ്പ്, എം.കെ. രാഘവൻ എം.പി., എളമരം കരീം എം.പി., മലയാള മനോരമ മാനേജിങ്‌ എഡിറ്റർ ജേക്കബ് മാത്യു, വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ. മാധവൻ എന്നിവർ വിശിഷ്ടാതിഥികളാവും.

മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അധ്യക്ഷതവഹിക്കും. മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖഭാഷണം നടത്തും. ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് സ്വാഗതവും ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂരാ ശ്രേയാംസ് കുമാർ നന്ദിയും പറയും.

Previous Post Next Post