കണ്ണൂർ:- നാട്ടിലെ ലൈബ്രറികളിൽ പുസ്തകം തിരയാൻ ഇനി കംപ്യൂട്ടറിൽ ഒരു ക്ലിക്ക് മതിയാവും. പുസ്തകം വീട്ടിലിരുന്ന് ഏതു ലൈബ്രറിയിലാണുള്ളതെന്ന് മനസ്സിലാക്കാം. പുസ്തകമെടുക്കാൻ മാത്രം ചെന്നാൽ മതി. വായനക്കാരന്റെ പേരും വിവരങ്ങളുമൊന്നും തടിയൻ രജിസ്റ്ററിൽ ചേർക്കേണ്ടിയും വരില്ല. കാലം മാറുമ്പോൾ നമ്മുടെ വായനശാലകളും മാറ്റത്തിനൊരുങ്ങുകയാണ്. പുതുമോടിയുമായി ലൈബ്രറികൾ അധികം വൈകാതെ സേവനം തുടങ്ങും. വായനശാല എന്ന പഴയ സങ്കൽപ്പം മാറി മറ്റു സേവനങ്ങളും കിട്ടുന്ന ഇടമായി അവ മാറുകയും ചെയ്യും.
ലൈബ്രറികളിലെ രജിസ്റ്ററിലെ വിവരങ്ങൾ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റാനൊരുങ്ങുകയാണ്. ഡിജിറ്റൽ കാറ്റ്‌ലോഗിങ്, മെന്പർഷിപ്പ് മാനേജ്മെന്റ്, പുസ്തകവിതരണം, വീട്ടിലിരുന്ന് ഫോൺ വഴി പുസ്തകങ്ങൾ തിരയാൻ സഹായിക്കുന്ന ഓൺലൈൻ കാറ്റലോഗ്, ബാർകോഡ് സംവിധാനം തുടങ്ങിയവയൊക്കെ ലൈബ്രറികളിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ 1,012 അഫിലിയേറ്റഡ് ലൈബ്രറികളിലെ ഡിജിറ്റൽവത്കരണത്തിനുള്ള ആദ്യ ചുവടുവെപ്പാണിത്. ഇതിന്റെ ഭാഗമായി മുഴുവൻ ലൈബ്രറികളിലെയും സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കുമുള്ള പരിശീലനം പൂർത്തിയാവുകയാണ്. 2,200 പേർക്കാണ് പരിശീലനം നൽകുന്നത്. അതിൽ 35 പേരുടെ പരിശീലനം മാത്രമാണ് ബാക്കിയുള്ളത്. അത് നാലുദിവസത്തിനകം പൂർത്തിയാകും.
880 ലൈബ്രറികളിൽ കംപ്യൂട്ടർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ നിലവിലുണ്ട്. എം.എൽ.എ.മാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണിത്. ബാക്കി, വൈകാതെ സജ്ജമാക്കും. ഒരുമാസത്തിനകം എല്ലാ ലൈബ്രറികളും ഡിജിറ്റൽ കാറ്റലോഗിങ്ങിലേക്ക് കടക്കണം. പഴയരീതികൾ നിലനിർത്തി പുതിയതുകൂടി ഉൾപ്പെടുത്തുക എന്ന നിലയിലാണ് സാങ്കേതികവത്കരണം നടപ്പാക്കുക. ഇതിനുവേണ്ട സോഫ്റ്റ്‍വെയർ സംസ്ഥാന ലൈബ്രറി കൗൺസിലാണ് വികസിപ്പിച്ചത്. ജില്ലയിലെ മുഴുവൻ ലൈബ്രറികൾക്കുമായി പൊതു സോഫ്റ്റ്‍വെയറിലേക്ക് വരുന്നു എന്നതാണ് പ്രത്യേകത. കാറ്റലോഗിങ് പൂർത്തിയായാൽ വായനശാലാ മെമ്പർമാർക്ക് ലിങ്ക് അയച്ചുകൊടുക്കും. ലിങ്കിൽ നിന്നും ആവശ്യമുള്ള പുസ്തകങ്ങൾ ഏത് ലൈബ്രറിയിലുണ്ട് എന്ന് മനസ്സിലാക്കാം, എളുപ്പത്തിൽ എടുക്കാം.