കണ്ണൂർ:- ലഹരികടത്തിൽ വൻതോതിൽ സ്ത്രീകളും പങ്കെടുക്കുന്നുണ്ടെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുന്നു. സംശയം തോന്നാതിരിക്കാനാണ് ലഹരികടത്ത് സംഘം സ്ത്രീകളെയും വ്യാപകമായി ഉപയോഗിക്കുന്നതെന്നാണ് സംശയം. കേരളത്തിൽ നടന്ന ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണ് തിങ്കളാഴ്ച കണ്ണൂരിൽ നടന്നത്. ഇതിൽ ഒരു സ്ത്രീ ഉൾപ്പെട്ടതാണ് ഈ സംശയം ബലപ്പെടാൻ കാരണം.
തിങ്കളാഴ്ച കണ്ണൂരിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായത് യുവ ദമ്പതിമാർ. കാഴ്ചയിൽ ആർക്കും സംശയം തോന്നാത്ത നിലയിലാണ് അഫ്സലും ഭാര്യ ബൾക്കീസും കണ്ണൂർ-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ചിരുന്നത്. രഹസ്യവിവരം കിട്ടിയില്ലായിരുന്നെങ്കിൽ ഇവരെ ആരും സംശയിക്കില്ലായിരുന്നു. വളരെ ഭദ്രമായി പാക്ക് ചെയ്ത മയക്കുമരുന്ന് ബൾക്കീസ് ചൂരിദാറിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.പ്ലാസ ജങ്ഷനിൽ നിർത്തിയ ബസിൽ നിന്നിറങ്ങിയ ഉടൻ ഇവർ പോലീസിന്റെ പിടിയിലായി.
എം.ഡി.എം.എ. (മെത്തലിൻ ഡയോക്സി മെത്ത്ആംഫ്റ്റ മൈൻ) എന്ന മയക്കുമരുന്ന് പാർട്ടികളിലാണ് ഉപയോഗിക്കുന്നത്. പിറന്നാൽ പാർട്ടികൾക്കുപോലും ഇത് അനിവാര്യമാണെന്ന നിലയിലായി.
ഈ മയക്കുമരുന്നിന് ഒരു ഗ്രാമിന് മൂവായിരത്തോളം രൂപ വിലയുണ്ട്. ബൾക്കീസാണ് ഈ മയക്കുമരുന്നിന്റെ വിതരണക്കാരി. കണ്ണൂർ നഗരത്തിൽ അഞ്ച് കേന്ദ്രങ്ങളിൽവെച്ചാണ് ഇവരുടെ വിതരണം. പ്രത്യേക പൊതികളിലാക്കി ഒരു നിശ്ചിതസ്ഥലത്ത് വെക്കുകയും ആ സ്ഥലത്തിന്റെ ഫോട്ടോ വാട്ട്സാപ്പിൽ അയച്ചുകൊടുക്കുകയും ചെയ്യും. പണമിടപാട് ഗൂഗിൾ പേ വഴി.
പോലീസ് വരുന്നത് കണ്ടപ്പോൾ മയക്കുമരുന്ന് അടങ്ങിയ പൊതി വഴിയിലെറിഞ്ഞ് രക്ഷപ്പെട്ട കേസ് കുറച്ച് മുൻപ് എടക്കാട് പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. അത് ബൾക്കീസാണെന്ന് പോലീസിനോട് പ്രതികൾ സമ്മതിച്ചു.