ചെങ്ങളായിലേക്ക് വൈദ്യുതി ഇനി ഭൂമിക്കടിയിലൂടെ ; ഭൂഗർഭ കേബിൾ സ്ഥാപിക്കൽ അവസാനഘട്ടത്തിൽ

ശ്രീകണ്ഠപുരം സബ്സ്റ്റേഷനിൽനിന്ന് ചെങ്ങളായിയിലേക്ക് ഭൂഗർഭ കേബിൾ നിർമാണം പുരോഗമിക്കുന്നു

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലേക്ക് വൈദ്യുതി വിതരണത്തിനായി ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിൽനിന്നുള്ള ഭൂഗർഭ കേബിൾ സ്ഥാപിക്കൽ അവസാനഘട്ടത്തിൽ.

ചെങ്ങളായി, വളക്കൈ കൊയ്യം, ചുഴലി മേഖലകളിലേക്കും സമീപ പ്രദേശങ്ങളായ പരിപ്പായി, ചെമ്പന്തൊട്ടി, കുറുമാത്തൂർ പ്രദേശങ്ങളിലേക്കും വൈദ്യുതിയെത്തിക്കുന്നത് ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിലെ 11 കെ.വി. വളക്കൈ ഫീഡർ വഴിയായിരുന്നു. വർഷങ്ങൾക്കുമുൻപ്‌ പറമ്പുകൾക്ക് കുറുകെ വലിച്ച ഈ ലൈനിൽ കാലപ്പഴക്കംകൊണ്ടും മരക്കൊമ്പുകൾ വീണും വൈദ്യുതിതടസ്സം പതിവാണ്. 40 കിലോമീറ്ററിലധികം നീളമുള്ള ഈ ലൈൻ മുഴുവനായും മാറ്റിപ്പണിയുന്നതിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി. ഭൂഗർഭ കേബിളാക്കുന്നത്.

വളക്കൈ പാലം മുതൽ തട്ടേരിവരെ ഒരുകിലോമീറ്റർ പുതിയ ലൈൻ വലിച്ച് കമ്മിഷൻ ചെയ്തു. ചെങ്ങളായി മുക്കാടം മുതൽ വളക്കൈ ടൗൺ വരെയും തട്ടേരി മുതൽ ചുഴലി വരെയുള്ള ഏഴുകിലോമീറ്റർ പുതിയ ലൈനിന്റെ പണിയും നടക്കുകയാണ്. നെല്ലിക്കുന്ന് മുതൽ മൊട്ടക്കേപ്പീടിക വരെയുള്ള നാലുകിലോമീറ്റർ ലൈൻ പണിയും നടക്കുന്നുണ്ട്. പഴയ ലൈനുകൾ മാറ്റി റോഡ് വഴി പുതിയ ലൈൻ ചാർജ് ചെയ്യുന്നത്തോടെ വൈദ്യുതി തടസ്സത്തിൽ കാര്യമായ കുറവുണ്ടാകും. ഇതിന്റെ ഭാഗമായി ഫീഡറിന്റെ നീളം കുറയ്ക്കാനും അതുവഴി വോൾട്ടേജ് മെച്ചപ്പെടുത്താനുമാണ് ചെങ്ങളായി പഞ്ചായത്തിലേക്ക് ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെത്തിക്കുന്നത്.

ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിൽനിന്ന് ചെങ്ങളായിയിലേക്ക് പരിപ്പായി വഴി രണ്ട് ഭൂഗർഭ കേബിളുകളാണ് സ്ഥാപിക്കുന്നത്. തുടർന്ന് നിലവിലെ വളക്കൈ ഫീഡറിനെ വിഭജിച്ച് പുതിയ ചുഴലി ഫീഡർ നിർമിക്കുകയും ചെയ്യും. 3.5 കിലോമീറ്റർ കേബിളാണ് ഇതിനായി ഉപയോഗിക്കുക. കെ.എസ്.ഇ.ബി. ദ്യുതി പദ്ധതിയിൽ 1.75 കോടി രൂപ പ്രവൃത്തികൾക്കായി നീക്കിവെച്ചിട്ടുണ്ട്.

Previous Post Next Post