ഗ്രന്ഥശാലകൾ അറിവിനെ ജനകീയവൽക്കരിച്ചു - പ്രൊഫ. സി രവീന്ദ്രനാഥ്


മയ്യിൽ :- 
അറിവിനെ ജനകീയവൽക്കരിക്കുന്നതിൽ കേരളത്തിലെ വായനശാലകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. അറിവിനെ വിന്യസിക്കുന്നതിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രയത്നിച്ചത് ഇവിടുത്തെ ഗ്രന്ഥശാല പ്രസ്ഥാനമാണ്. നവലോകമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിലും ശാസ്ത്രബോധം സൃഷ്ടിക്കുന്നതിലും ഗ്രന്ഥശാലകൾ ഉണർന്ന് പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി 'സാമൂഹ്യ പുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക് സെമിനാർ മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറിവാണ് എല്ലാം ശുദ്ധീകരിക്കുന്നത്. അത് വിമർശനാത്മക ബോധം ഉണ്ടാക്കുന്നു. അത് കൂട്ടിമുട്ടുന്നതാണ് സംവാദം. അറിവ് നേരത്തെ അടക്കി വാഴാൻ ഉപയോഗിച്ച കാലഘട്ടമുണ്ടായിരുന്നു. അറിവ് വിമർശനാത്മകമാവുമ്പോഴാണ് ചിന്തയും സംവാദവും ഉണ്ടാകുന്നത്. അറിവ് വിമോചനത്തിന്റെ ഉപകരണമാകുന്ന ആശയ പശ്ചാത്തലത്തിലാണ് കേരളം വളരുന്നത്.

ഇന്ന് നവലിബറൽ പ്രത്യയശാസ്ത്ര യുക്തിയാണ് എല്ലാറ്റിനെയും നയിക്കുന്നത്. അതിൽ പ്രധാനം കമ്പോളയുക്തിയാണ്. അരാഷ്ട്രീയ യുക്തിയാണ് നവ ലിബറലിസം മുന്നോട്ടുവയ്ക്കുന്ന മറ്റൊന്ന്. അറിവ് കമ്പോളത്തിന്റെ ഭാഗമായി ചരക്കാവുകയാണ്. ഇന്ന് അറിവ് നമ്മുടെ മനസ്സിനെ സംവാദമാക്കുന്നതിന് പകരം എല്ലാറ്റിനും സമ്മതമുണ്ടാക്കുന്ന ഫാക്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.

 കമ്പോള, അരാഷ്ടീയ,വരേണ്യ യുക്തികൾ ഇല്ലാതാക്കുന്ന പൊതു ഇടങ്ങളെ തിരിച്ചുപിടിക്കലാണ്  ഗ്രന്ഥശാലകളുടെ കടമയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പ്രൊഫ. കെ വി കുഞ്ഞികൃഷ്‌ണൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ഡോ. പി എസ്‌ ശ്രീകല എന്നിവർ സംസാരിച്ചു.

 സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു. 

19ന്‌ പയ്യന്നൂരിൽ കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയവും നിയമങ്ങളും വിഷയത്തിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപിയും, കണ്ണൂർ ടൗൺ സ്‌ക്വയറിൽ (കേന്ദ്ര–- സംസ്ഥാന ബജറ്റ്‌) ധനമന്ത്രി കെ എൻ ബാലഗോപാലും, പെരളശേരിയിൽ (ആഗോളവൽക്കരണ നയവും ഇടതുപക്ഷ ബദലും) വ്യവസായമന്ത്രി പി രാജീവും, മട്ടന്നൂരിൽ (അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃക) തദ്ദേശമന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററും ഉദ്‌ഘാടനംചെയ്യും.






Previous Post Next Post