കണ്ണൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിൽ കോഴികൾ ചത്തത് വൈറൽ രോഗമായ ഇൻഫെക്‌ഷ്യസ് ബ്രോങ്കൈറ്റിസ് കാരണമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
ഇവ മുണ്ടയാട് റീജണൽ പൗൾട്രി ഫാമിൽനിന്ന് വിതരണംചെയ്ത കോഴികളല്ലെന്നും അധികൃതർ അറിയിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് കുടുംബശ്രീ സംഘാംഗങ്ങൾക്ക് വിതരണംചെയ്ത 6,400ഓളം കോഴികളിൽ നൂറോളം കോഴികളാണ് ചത്തത്.
27-ന് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ മുണ്ടയാട് പൗൾട്രി ഫാമിൽനിന്ന് രണ്ടായിരത്തോളം കോഴികളെ അനുരാഗി എഗ്ഗർ നഴ്സറി വഴി വിതരണംചെയ്തു.
ഈ കോഴികളൊന്നും ചത്തിട്ടില്ല. 30, 31 തീയതികളിൽ പഞ്ചായത്തിലെ മറ്റു വാർഡുകളിലേക്ക് വിതരണംചെയ്ത 4,400 കോഴികളിൽ ചിലതാണ് ചത്തതെന്ന് മുണ്ടയാട് റീജണൽ പൗൾട്രി ഫാം അസി. ഡയറക്ടർ ഡോ. പി.ഗിരീഷ്‌കുമാർ പറഞ്ഞു.
ഇൻക്യുബേഷൻ കാലാവധി കഴിഞ്ഞതിനാൽ സമീപപ്രദേശങ്ങളിൽനിന്ന് കോഴികളിലേക്ക് രോഗം പകർന്നിരിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
അതേ സമയം വായുവിലൂടെയും സമ്പർക്കത്തിലൂടെയും പകരുന്ന ഇൻഫെക്ഷ്യസ് ബ്രോങ്കൈറ്റിസ് ഗുരുതര രോഗമല്ലെന്ന് മേഖലാ ഡിസീസ് ഡയഗ്നോസിസ് ഓഫീസർ കെ.ജെ.വർഗീസ് പറഞ്ഞു.