യുണൈറ്റഡ് നേഷൻസ്:- ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിൽനിന്ന് റഷ്യയെ പുറത്താക്കണമെന്ന പ്രമേയത്തിന് യു.എൻ. പൊതുസഭയുടെ അംഗീകാരം. യു.എസിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് 93 രാജ്യങ്ങൾ വോട്ടുചെയ്തു.
ചൈനയുൾപ്പെടെ 24 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ ഇന്ത്യയുൾപ്പെടെ 58 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ആദ്യമായാണ് യു.എൻ. സുരക്ഷാസമിതിയിൽ സ്ഥിരാംഗമായ ഒരുരാജ്യത്തെ മനുഷ്യാവകാശസമിതിയിൽനിന്ന് മാറ്റിനിർത്തുന്നത്.
• ബെൽജിയത്തിലെ ബ്രസൽസിൽ ചേർന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടി യുക്രൈനിലെ റഷ്യൻ ആക്രമണങ്ങളെ അപലപിച്ചു. ബുച്ചയിൽനിന്നു പുറത്തുവന്ന ക്രൂരമായ പീഡനങ്ങളുടെയും ബലാത്സംഗത്തിന്റെയും റിപ്പോർട്ടുകൾ യുക്രൈനിലെ റഷ്യയുടെ ഭീകരമായ മുഖമാണ് പുറത്തുകൊണ്ടുവരുന്നത്. യുക്രൈനു സാമ്പത്തികവും സൈനികവുമായ സഹായം തുടരുമെന്നും യോഗം വ്യക്തമാക്കി.
• കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് നാറ്റോയോട് യുക്രൈൻ ആവശ്യപ്പെട്ടു. റഷ്യയെ തളയ്ക്കാൻ ഉപരോധങ്ങൾ ഫലപ്രദമല്ലെന്നും കൂടുതൽ ആയുധങ്ങൾ തങ്ങൾക്കു നൽകണമെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു.
• ഡൊൺബാസ് പിടിക്കാനായാൽ കീവിലെ ആക്രമണങ്ങൾ റഷ്യ പുനരാരംഭിക്കുമെന്ന് യുക്രൈൻ സൈന്യം. യുക്രൈനെ പൂർണമായും പിടിച്ചെടുക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും പ്രതിരോധസഹമന്ത്രി ഹന്ന മാൽയാർ പറഞ്ഞു.