വയനാട്:- മാനന്തവാടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടി ഉണ്ടാകും.
സിന്ധുവിന്‍റെ ആത്മഹത്യയിൽ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ പി രാജീവാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഓഫീസിലെ ഉദ്യോഗസ്ഥർ തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. നിർബന്ധിത അവധിയിൽ പോയ ജൂനിയർ സൂപ്രണ്ട് അജിതകുമാരിക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് വിവരം.
അജിത കുമാരിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതി അറിയിക്കാനാണ് സിന്ധു തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വയനാട് ആർടിഒയെ നേരിൽ കണ്ടത്. തിരിച്ച് ഓഫീസിലെത്തിയ സിന്ധുവിന് ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടിവന്നെന്നാണ് സൂചന. പൊലീസ് കണ്ടെത്തിയ ഡയറിയിൽ മറ്റ് രണ്ട് സഹപ്രവർത്തകരുടെ പേരുകളും ഉണ്ട്. കൈകൂലിക്കും കള്ളതരങ്ങൾക്കും കൂട്ടുനിൽക്കാത്തവർ സർക്കാർ ജോലിക്ക് നിൽക്കരുതെന്ന ഡയറിയിലെ വരികൾ മോട്ടോർ വാഹനവകുപ്പിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പി എ ജോസ് നൽകിയ പരാതിയിൽ മാനന്തവാടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്ത സിന്ധുവിന്‍റെ മൈബൈൽ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.