ന്യൂഡൽഹി: - മുംബൈയിൽ പുതിയ കോവിഡ് വകഭേദം എക്സ്.ഇ (XE) കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നെങ്കിലും സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗിയുടെ സാംപിളിൽ നടത്തിയ ജീനോം സീക്വൻസിങ്ങിൽ എക്സ്.ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യൻ സാർസ് കോവിഡ് 2 ജീനോമിക് കൺസോഷ്യം വ്യക്തമാക്കി. നേരത്തെ ഇത് എക്സ്.ഇ വകഭേദമാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആഫ്രിക്കയിൽ നിന്നെത്തിയ കൊസ്റ്റ്യൂം ഡിസൈനറായ 50 വയസുകാരിക്ക് കോവിഡ് എക്സ്.ഇ സ്ഥിരീകരിച്ചെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് (ബിഎംസി) ബുധനാഴ്ച വൈകീട്ട് വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് ഈ വകഭേദം എക്സ്.ഇ അല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.
ജീനോം പഠനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം രൂപീകരിച്ച ഇന്ത്യൻ സാർസ് കോവിഡ് 2 ജീനോമിക് കൺസോഷ്യം നടത്തിയ പരിശോധനയിലാണ് മുംബൈയിലേത് എക്സ്.ഇ വകഭേദമല്ലെന്ന് വ്യക്തമാക്കിയത്. പരിശോധനയിൽ എക്സ്.ഇയുടെ ജീനോം ചിത്രവുമായി ചേർന്നുപോകുന്നതല്ല മുംബൈയിലേതെന്നാണ് ജീനോമിക് കൺസോഷ്യം പറയുന്നത്.
ഒമിക്രോണിനെക്കാൾ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് എക്സ്.ഇ. ബ്രിട്ടണിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്. ഒമിക്രോൺ ബിഎ 1, ബിഎ 2 വകഭേദങ്ങൾക്ക് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് എക്സ്.ഇ. പ്രാഥമിക പഠനങ്ങൾ പ്രകാരം ഒമിക്രോണിന്റെ ബിഎ- 2 വകഭേദത്തേക്കാൾ വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.