'
തളിപ്പറമ്പ് മണ്ഡലത്തിലെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ മെയ് 16 ന് നടത്തുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.തളിപ്പറമ്പ് പ്രസ്സ് ഫോറത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍. മണ്ഡലത്തില്‍ ഇതുവരെ ആര്‍ജിച്ച നേട്ടങ്ങള്‍ തുടരുന്നതിനും പുതിയ വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നത്തിനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ഏഴാംമൈല്‍ ഹജ്മൂസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കും.
1100 കോടിയോളം രൂപയുടെ വിവിധ പ്രവൃത്തികളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നത് . മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി 64 കോടി രൂപയുടേയും ജല ജീവന് മിഷന്റെ ഭാഗമായി 200 കോടി രൂപയുടെയും പ്രവൃത്തികള്‍ മണ്ഡലത്തില്‍ നിലവില്‍ നടന്നുവരുന്നു. ചൊറുക്കള ബാവുപ്പറമ്പ് മയില്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡ് ഉള്‍പ്പെടെ 551.63 കോടി രൂപയുടെ വിവിധ റോഡുകളുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ 40 കോടിയോളം രൂപയുടെ ടൂറിസം പദ്ധതികളുടെ പ്രവൃത്തിയും ,തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി ,ഒടുവള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായി 80 കോടി രൂപയുടെ പ്രവൃത്തിയും ഉള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നു വരുന്നതെന്നും മന്ത്രി അറിയിച്ചു.
തളിപ്പറമ്പ് നഗരസഭ ചെയപേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി, മന്ത്രിയുടെ മണ്ഡലം പ്രതിനിധി കെ സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.