വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ് യാത്ര;പഴയ പാസ് ജൂണ്‍ 30 വരെ ഉപയോഗിക്കാം

 



കണ്ണൂർ: -ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ് യാത്ര കണ്‍സെഷന്‍ പാസിന്റെ കാലാവധി നീട്ടി നല്‍കി. ജില്ലാതല സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.   നിലവില്‍ മാര്‍ച്ച് 31 വരെ അനുവദിച്ച പാസിന്റെ കാലാവധി മെയ് 31 വരെ നീട്ടിയിരുന്നു. ഈ കാലാവധിയാണ് ജൂണ്‍ 30 വരെ വീണ്ടും നീട്ടാന്‍ തീരുമാനമായത്. പാസ് നല്‍കി യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ സ്വീകാര്യമല്ലാത്ത പെരുമാറ്റ രീതിയില്‍ മാറ്റം വരുത്താന്‍ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കും. കൂടാതെ വിദ്യാര്‍ഥികളും ബസ് ജീവനക്കാരോട് മാന്യമായി പെരുമാറണം. റോഡില്‍ വെച്ച് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പെരുമാറരുത്. ജീവനക്കാരില്‍ നിന്നും മോശമായ അനുഭവം ഉണ്ടായാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് പരാതി നല്‍കാം. പ്രിന്‍സിപ്പല്‍മാര്‍ ഈ പരാതി സ്ഥാപനത്തിന്റെ പരിധിയിലുള്ള പൊലീസ് അധികാരികള്‍ക്കോ, ജോയന്റ് ആര്‍ ടി ഒ യ്ക്കോ കൈമാറണം. ക്ലാസ് തുടങ്ങുന്ന ആദ്യ ദിവസം കുട്ടികള്‍ക്കായി വിദ്യാലയങ്ങളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അദ്ധ്യക്ഷനായി. ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍, ഡി ഡി ഇ ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസുടമുകളുടെ സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, പാരലല്‍ കോളേജ് അസോസിയേഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ സംബന്ധിച്ചു.
Previous Post Next Post