കണ്ണാടിപ്പറമ്പ്:- ക്യാൻസർ ബാധിച്ചു ചികിത്സക്കിടെ മുടി കൊഴിഞ്ഞു പോയി മാനസിക പ്രയാസം കൂടി അനുഭവിക്കുന്നവർ ധാരാളമുണ്ട്. അവർക്ക് വിഗ്ഗ് നിർമ്മിച്ചു നൽകി ആശ്വാസം നൽകുന്ന അമല ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മെഡിക്കൽ സയൻസിലെ വാർത്ത വായിച്ചാണ് കണ്ണാടിപ്പറമ്പിലെ വാടക വീട്ടിൽ കഴിയുന്ന ദേശ സേവ യു പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ നീരദിന് മുടി വളർത്താൻ പ്രേരണ ലഭിച്ചത്. ഓട്ടോ ഡ്രൈവറായ അച്ഛൻ സുബ്രഹ്മണ്യൻ, അമ്മ ബിന്ദു, സഹോദരി നിവേദിത എന്നിവർക്കൊപ്പമാണ് താമസിക്കുന്നത്. കൊറോണ കാലത്ത് കൊച്ചു മനസ്സിൽ ഉടലെടുത്ത തീരുമാനമായിരുന്നു കേശദാനം. അഴകുള്ള ഇടതൂർന്ന മുടി ഉദ്ദേശിച്ചതിനനുസരിച്ച് വളർത്തി. രണ്ടു വർഷത്തോളമെടുത്തു ലക്ഷ്യപൂർത്തീകരണത്തിനായി. ഏകദേശം 30 സെന്റീമീറ്റർ നീളം വേണം. മാത്രമല്ല എണ്ണ തേക്കാതെ നന്നായി സൂക്ഷിക്കണം. 18 വയസ്സു വരെയുള്ള ആർക്കും നൽകാം. "മുടിയനായ " നീരദ് സുന്ദരിക്കുട്ടിയെപ്പോലെയായി. ആശുപത്രി അധികൃതരെ വിവരമറിയിച്ചു. അവർ വന്നു വിലപ്പെട്ട നിധി മുറിച്ചെടുത്തു. നീരദിന് ആത്മ സംതൃപ്തി. സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിലാണിന്നീ കുടുംബം. അച്ഛന്റെ വരുമാനം മാത്രം കൊണ്ട് ജീവിത പ്രയാസം അനുഭവിക്കുമ്പോഴും സമൂഹത്തിന്റെ പ്രയാസത്തിന് തന്നാൽ കഴിയുന്ന സംഭാവന ചെയ്യുകയാണ് കൊച്ചു നീരദ്. നീരദിന്റെ മാതൃകാപരമായ പ്രവർത്തനത്തെ നാട്ടുകാർ അനുമോദിച്ചു.