കേരളത്തിലെ കുട്ടികളുടെ കായിക ക്ഷമത കുറയുന്നു: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

 

മയ്യിൽ:-പഠനത്തില്‍ ലോകോത്തര  നിലവാരം പുലര്‍ത്തുമ്പോഴും കേരളത്തിലെ കുട്ടികള്‍ കായിക ക്ഷമതയുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്ന് തദ്ദേശസ്വയംഭരണ  എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, തളിപ്പറമ്പ് സൗത്ത് ബിആര്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന 'അധ്യാപക സംഗമം 2022' അധ്യാപക ശക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

  മനുഷ്യരില്‍ കായിക ക്ഷമത കുറയുന്നതാണ് പലരോഗങ്ങള്‍ക്കും കാരണമാകുന്നത്. അതിനാല്‍ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ അധ്യാപകരുടെ ശ്രദ്ധയും ആവശ്യമാണ്. അധ്യാപകര്‍ അനുദിനം പഠിക്കുകയും പുതിയ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും വേണം. വിജ്ഞാനം മൂലധനമായി രൂപപ്പെടുന്ന സമൂഹമായി കേരളത്തെ മാറ്റണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മയ്യില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ണ  അധ്യക്ഷത വഹിച്ചു.സമഗ്ര ശിക്ഷ കേരള ഡി പി ഒ ടി പി അശോകന്‍ പദ്ധതി വിശദീകരിച്ചു.

എഇഒ  ടി വി അബ്ദുള്‍ഖാദര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം കെ അനൂപ് കുമാര്‍,പ്രധാനാധ്യാപകന്‍ സുനില്‍ കുമാര്‍ ഹെഡ് മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍  ഇ കെ വിനോദന്‍, എച്ച് എം ഫോറം വൈസ് ചെയര്‍മാന്‍ പി പി സുരേഷ് ബാബു, സമഗ്രശിക്ഷ  കേരള  ജില്ലാ പ്രോഗ്രാം ഓഫീസര്‍ രമേശന്‍ കടൂര്‍,സ്റ്റാഫ് സെക്രട്ടറി സി സി വിനോദ് കുമാര്‍, തളിപ്പറമ്പ്  സൗത്ത് ബി പി സി ഗോവിന്ദന്‍ എടാടത്തില്‍  എന്നിവര്‍ സംസാരിച്ചു.ചൊവ്വാഴ്ച ആരംഭിച്ച സംഗമം  മെയ് 24 സമാപിക്കും

Previous Post Next Post