കണ്ണൂർ:- ഷവർമ കഴിച്ച് വിദ്യാർഥി മരിച്ച സംഭവത്തെത്തുടർന്ന് ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്ന കർശന പരിശോധന വരും ആഴ്ചകളിലും തുടരും.
ഇതുവരെ ജില്ലയിലെ 100 ഹോട്ടലുകളിലാണ് പരിശോധന പൂർത്തിയാക്കിയത്. ഇതിൽ 18 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഒട്ടേറെ സ്ഥാപനങ്ങൾക്ക് ജില്ലയിൽ പിഴയോട് കൂടി നോട്ടിസ് നൽകി.
മെയ് 20 വരെ കർശന പരിശോധന തുടരും. ഉച്ചക്ക് ശേഷം 2 മുതൽ രാത്രി 12 വരെയാണ് ഉദ്യോഗസ്ഥർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്. ഷവർമ കടകൾ കൂടുതലും പ്രവർത്തിക്കുന്നത് വൈകുന്നേരം ആയതിനാലാണ് പരിശോധന ഈ സമയത്തേക്ക് ക്രമീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗവും ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തുന്നുണ്ട്.