കണ്ണൂർ:-ജില്ലയിലെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പതിനാലാം പഞ്ചവത്സര പദ്ധതി വാർഷിക പദ്ധതി 2022-23 ന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയോജിച്ച് ലഹരി മുക്തം, ക്യാൻസർ പ്രതിരോധം, വിദ്യാഭ്യാസം, കായികം, കാർഷികം തുടങ്ങിയ മേഖലകളിൽ സംയോജിതമായ പദ്ധതികൾ വരും. വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗ്രാമസഭ ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവിതത്തെ അത്രമാത്രം സ്പർശിക്കുന്ന ഒന്നായി പഞ്ചായത്ത്തല സംവിധാനം മാറിയെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ, മലയോര ഗ്രാമസഭകളിൽ ഉയർന്ന നിർദ്ദേശങ്ങൾക്കും പ്രാധാന്യം നൽകി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് യോഗത്തിൽ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ വികസന രൂപരേഖ അവതരിപ്പിച്ചു.
സെക്രട്ടറി ഇൻ ചാർജ്ജ് ഇ എൻ സതീഷ് ബാബു മുൻ വർഷത്തെ വാർഷിക പദ്ധതികളുടെ അവലോകനം നടത്തി.
വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്വൻ, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, മെംബർമാർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.