എടക്കാട് നാരായണൻ മാസ്റ്റരുടെ ഗ്രന്ഥശേഖരം ദേശപോഷിണിക്ക്

 


എടക്കാട്:- കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ടും ഗ്രന്ഥശാലാ സംഘം ജില്ലാ ഭാരവാഹിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പരേതനായ എടക്കാട് നാരായണൻ മാസ്റ്റരുടെ ബൃഹത്തായ ഗ്രന്ഥശേഖരം എടക്കാട് ദേശപോഷിണി വായനശാല ആൻറ് ഗ്രന്ഥാലയത്തിന് നൽകും. തൻ്റെകൂടി ശ്രമഫലമായി രൂപീകരിച്ച ഈ വായനശാലയുടെ പ്രഥമ സിക്രട്ടറിയായിരുന്നു നാരായണൻ മാസ്റ്റർ.ജ്യോതിഷ പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം നേതൃത്വം കൊടുത്ത അസ്ട്രോളജിക്കൽ റിസർച്ച് സെൻ്ററിൻ്റെ റഫറൻസ് ലൈബ്രറി എന്ന നിലയിൽ വീടിനോട് ചേർന്ന് പ്രശ്നമാർഗാചാര്യ റഫറൻസ് ലൈബ്രറി യെന്ന പേരിൽ ഒരു ഗ്രന്ഥാലയം സ്ഥാപിച്ചിരുന്നു. 

ഇതിലെ അയ്യായിരത്തിലേറെ വരുന്ന പുസ്തകങ്ങളാണ് അദ്ദേഹത്തിൻ്റെ ഭാര്യ എം.ചന്ദികയും മക്കളും കൈമാറുന്നത്.നാലണ മുതൽ രണ്ടായിരം രൂപ വരെ വിലയുള്ള അപൂർവ്വം പുസ്തകങ്ങളുൾപ്പെടെ മാതൃഭൂമി ബുക്സ്, ചിന്ത പബ്ലിക്കേഷൻസ്, കറൻ്റ് ബുക്സ്, ഡി.സി.ബുക്സ് തുടങ്ങിയ പ്രമുഖ പ്രസാധകരുടെ ധാരാളം പുസ്തകങ്ങൾ കൂട്ടത്തിലുണ്ട്.ചങ്ങമ്പുഴയുടെ അപൂർവ്വ രചനയായ പഞ്ചാംഗ ഗണിതവും കൂട്ടത്തിലുണ്ട്.പ്രധാന സംഭവങ്ങൾ ഉൾപ്പെട്ട പത്രമാസികകൾ പ്രത്യേകംബൈൻറു ചെയ്ത് സൂക്ഷിച്ചതും കൂട്ടത്തിലുണ്ട്. ഉദ്ഘാടന പരിപാടിക്ക് ക്ഷണിക്കുന്നതിനായി ദേശപോഷിണി വായനശാല പ്രസിഡണ്ട് എൻ.കെ.സുഗന്ധനും ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ജനു ആയിച്ചാൻകണ്ടിയും നാരായണൻ മാസ്റ്റരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോഴാണ് അവർ സന്തോഷപൂർവ്വം ഈ തീരുമാനം അറിയിച്ചത്.

ദേശ പോഷിണി വായനശാലയുടെ പുതിയ കെട്ടിടോദ്ഘാടനം നടക്കുന്ന മെയ് 15ന് വൈകുന്നേരം വായനശാലയ്ക്ക് വേണ്ടി മന്ത്രി എം.വി.ഗോവിന്ദന് പുസ്തകങ്ങൾ കൈമാറും. റഫറൻസ് ഗ്രന്ഥങ്ങൾ നാരായണൻ മാസ്റ്ററുടെ സ്മരണാർഥം പ്രത്യേക കോർണറായി സൂക്ഷിക്കുമെന്നും ആവശ്യക്കാർക്ക് ഏതു സമയത്തും ഉപയോഗപ്പെടുത്താമെന്നും ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post