കണ്ണൂർ സെൻട്രൽ ജയിലിലെ പ്രതി രക്ഷപ്പെട്ടു

 


കണ്ണൂർ:- സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ആലമ്പാടി സ്വദേശി അമീർ അലി (23) ആണ് കാസർകോട് വച്ച് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. 

പയ്യന്നൂരിൽ ഉൾപ്പെടെനിരവധി ക്രിമിനൽ- കവർച്ച കേസുകളിലെ വാറൻ്റ് പ്രതി മെയ് 12ന് ബദിയടുക്കയിൽ വച്ച്  ലക്ഷങ്ങളുടെ വില മതിക്കുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ. കാറിൽ കടത്തുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

കേസിൽ റിമാൻഡിലായി കണ്ണൂ‍ർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുപോയത്. കണ്ണൂർ എആർ ക്യാംപിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കാസർകോട് എത്തിയപ്പോൾ പൊലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.

കാസർകോട് ടൗൺ, വിദ്യാ നഗർ, ബദിയടുക്ക സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രതിക്കായി തെരച്ചിൽ തുടങ്ങി. സുരക്ഷാ വീഴ്ച സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും പരിശോധന ആരംഭിച്ചു.

Previous Post Next Post