തദ്ദേശ സ്ഥാപനങ്ങൾ തൊഴിൽ സഭകൾ ചേരണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 


മയ്യിൽ:-തൊഴിലില്ലായ്മ പരിഹരിക്കാൻ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തൊഴിൽ സഭകൾ ചേരണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും മയ്യിൽ ഐ ടി എം കോളേജും സംയുക്തമായി സംഘടിപ്പിച്ച  'ലക്ഷ്യ 2022' മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമസഭകളിൽ പഴയതുപോലെ ഇപ്പോൾ ആളുകൾ എത്തുന്നില്ല. കാരണം, കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചതോടെ ജനങ്ങളുടെ പരാതി കുറഞ്ഞിരിക്കുന്നു. ഇനി ഗ്രാമസഭകൾക്ക് പുറമെ തൊഴിൽ സഭകൾ ചേരണം. ഇതിലൂടെ ആവശ്യക്കാർക്ക് തൊഴിൽ ലഭ്യമാക്കാനും മാർഗനിർദ്ദേശം നൽകാനും സാധിക്കും. ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ആയിരത്തിൽ അഞ്ച് പേർക്ക് എന്ന നിലയിൽ ജോലി നൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 'എന്റെ തൊഴിൽ എന്റെ അഭിമാനം ' എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പഠനത്തിലൂടെ 35 ലക്ഷം പേർ കേരളത്തിൽ തൊഴിൽ തേടുന്നതായി വ്യക്തമായി. ഇതിൽ 20 ലക്ഷം പേർക്ക് നാല് വർഷം കൊണ്ട് സർക്കാർ തൊഴിൽ ലഭ്യമാക്കും- മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഐ ടി, ആരോഗ്യം, ബാങ്കിംഗ്, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിലെ 35 കമ്പനികൾ മേളയിൽ പങ്കെടുത്തു. വടക്കൻ കേരളത്തിൽ നിന്നുള്ള 600 ഓളം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നു.

കോളേജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രമേശൻ കുനിയിൽ ആമുഖ ഭാഷണം നടത്തി. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, ഹിറ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സി അബ്ദുൾ ജബ്ബാർ, ഐ ടി എം ഇൻസ്റ്റിറ്റ്യൂഷൻ ഗ്രൂപ്പ് സി ഒ ഒ, കെ കെ മുഹമ്മദ് ജൗഹർ, കണ്ണൂർ എംപ്ലോയിബിലിറ്റി സെന്റർ കോ- ഓർഡിനേറ്റർ ആഞ്ചലിയ ഡിസൂസ, പ്രിൻസിപ്പൽ കെ കെ മുനീർ, കോളേജ് പ്ലേസ്മെന്റ് കോ-ഓർഡിനേറ്റർ ലിയോ സക്കറിയ എന്നിവർ സംസാരിച്ചു

Previous Post Next Post