കൊച്ചി: പാതയോരത്തെ കൈവരിയിലും ട്രാഫിക് മീഡിയനുകളിലും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കരുതെന്ന് വ്യക്തമാക്കി പുതിയ സർക്കുലർ പുറപ്പെടുവിക്കുകയോ മുമ്പത്തേത് പുതുക്കി ഇറക്കുകയോ വേണമെന്ന് ഹൈക്കോടതി. സർക്കാർ മേയ് ആറിനു പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നിർദേശം. റോഡുകളിലും പാതയോരങ്ങളിലും മാർഗതടസ്സമുണ്ടാക്കി കൊടിതോരണങ്ങൾ വെക്കരുതെന്നായിരുന്നു സർക്കുലർ.
പാതയോരത്തെ കൈവരികളിലോ മീഡിയനുകളിലോ ട്രാഫിക് ഐലൻഡുകളിലോ കൊടിതോരണങ്ങൾ വെക്കരുതെന്നായിരുന്നു കോടതിനിർദേശം. ഇതനുസരിച്ചുള്ള സർക്കുലർ അല്ല സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നു വിലയിരുത്തിയാണ് കോടതി നിർദേശം. അഡീ. ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിനുമുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കംചെയ്യണം എന്നാവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജി 23-ന് വീണ്ടും പരിഗണിക്കും