മയ്യിൽ:- ചെളിയിലിറങ്ങി ചേറുപുരണ്ട് നാട്ടിപ്പാട്ടിന്റെ ആവേശത്തിൽ കുഞ്ഞുകരങ്ങൾ ഞാറ് നട്ടു. നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി. സ്കൂളാണ് 'ചേറിലിറങ്ങാം ചോറൊരുക്കാം' എന്ന പേരിൽ സ്കൂൾ നെൽകൃഷി പദ്ധതി തുടങ്ങിയത്. പാടശേഖര സമിതിയുടെ സഹകരണത്തോടെ കീഴാലംവയലിലായിരുന്നു കുട്ടികളുടെ ഞാറ് നടീൽ ഉത്സവം. മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷക യു.കെ.ശാരദ, കെ. അനീഷ് എന്നിവർ നാട്ടിപ്പാട്ട് പാടി.
പാടശേഖരസമിതി പ്രസിഡൻറ് സി.സോമൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ പി.വി.മോഹനൻ, പി.വി. അഖിൽ, പ്രഥമാധ്യാപിക ടി.എം. പ്രീത, പി.പി.രമേശൻ എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി യു.രവീന്ദ്രൻ സ്വാഗതവും ഭാവന ക്ലബ്ബ് പ്രസിഡന്റ് കെ.സനീഷ് നന്ദിയും പറഞ്ഞു.