മയ്യിൽ:- മനുഷ്യരുടെ അതിജീവനത്തിൻ്റെയും അടുക്കളനോവുകളുടേയും പുസ്തകമാണിത്! കോവിഡ് കാലത്ത് പല വൻകരകളായി ചിതറിത്തെറിച്ചുപോയ കുടുംബങ്ങളിൽ, എപ്പോഴും അടുക്കളയിൽ മാത്രം ബന്ധിക്കപ്പെട്ട പെണ്ണിനെയാണ് 'പെണ്ണൊരുമ' അടച്ചിരുപ്പുകാലത്തെ അതിജീവനം എന്ന പുസ്തകം വരച്ചുവെക്കുന്നത്. സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ജി വി ബുക്സിൻ്റെ സഹകരണത്തോടെ പുറത്തിക്കിയ പുസ്തകമാണ് പ്രതിമാസ സംവാദത്തിൽ ഇക്കുറി ചർച്ച ചെയ്തത്.
ഗ്രന്ഥാലയം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച സാഹിത്യമത്സരത്തിലെ സമ്മാനാർഹമായ 30 രചനകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ജീവിതകാലം മുഴുവൻ ലോക് ഡൗണിൽ കുരുങ്ങിയതാണ് സ്ത്രീജീവിതമെന്ന ആമുഖത്തോടെ വനിതാവേദി പ്രവർത്തകയായ കെ കെ റിഷ്നയാണ് പുസ്തക വർത്തമാനത്തിന് തുടക്കമിട്ടത്. പെൺജീവിതമെന്നത് ഓരോ നിമിഷത്തിലും എത്രമേൽ പ്രതിസന്ധി നിറഞ്ഞതാണെന്ന ചിന്തയാണ് പെണ്ണൊരുമയിലെ രചനകളെ തൊട്ട് റിഷ്ന പറഞ്ഞത്.
പെണ്ണെന്ന മൾട്ടി ടാസ്കറെ എത്ര വൈവിധ്യത്തോടെയാണ് കഥകളും കവിതയും അനുഭവങ്ങളും അടയാളപ്പെടുത്തിയതെന്നാണ് സദസ് അതിശയിച്ചത്.സ്വന്തം ജീവിതാനുഭവങ്ങളെ തൊട്ടാണ് പ്രീതയും ശ്രുതിമോളും സംവാദത്തിൻ്റെ ഭാഗമായത്. കാലമെത്ര കഴിഞ്ഞാലും കോവിഡ് കാലത്തെ ജീവിതമെന്തെന്ന റഫറൻസിന് ഈ പുസ്തകമുണ്ടാവും.
കെ സി വാസന്തി ടീച്ചർ അധ്യക്ഷത വഹിച്ചു. ടി വി ബിന്ദു സ്വാഗതം പറഞ്ഞു.