കൊളച്ചേരി :- കൊളച്ചേരിയിലെ സാമൂഹ്യപ്രവർത്തകനും കർഷകനും കമ്മ്യൂണിസ്റ്റ് നേതാവും , കമ്പിൽ മാപ്പിള ഹൈസ്കൂൾ അധ്യാപകനും എം.കെ രാമുണ്ണിമാസ്റ്റർ വിട്ടു പിരിഞ്ഞിട്ട് 12 - 7 -22- ലേക്ക് പതിനൊന്ന് വർഷം തികയുകയാണ്.
കൊളച്ചേരി പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം വ്യാപിക്കുന്നതിന് മുൻകൈയെടുത്തിരുന്നു അദ്ദേഹം. തൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിലും സാമൂഹ്യപ്രവർത്തനത്തിനിടയിലും അധ്യാപകനായിരുന്ന അദ്ദേഹം സ്വന്തമായി ഒരു വീട് ഉണ്ടാക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ല. വീടില്ലാത്ത പാവപ്പെട്ടവർക്കുള്ള സ: എം .എൻ ഗോവിന്ദൻ നായരുടെ ലക്ഷംവീട് പദ്ധതി കൊളച്ചേരി പഞ്ചായത്തിൽ ലക്ഷ്യത്തിലെത്തിക്കാൻ സഖാവ് ഇ. കുഞ്ഞിരാമൻ നായരുടെ കൂടെ സ്തുത്യർഹം പ്രവർത്തിച്ച വ്യക്തിയായിരുന്നു രാമുണ്ണി മാസ്റ്റർ .
വർഷങ്ങൾക്കു മുമ്പ് തന്നെ ഞങ്ങളും കൃഷിയിലേക്ക് എന്ന ആശയം സ്കൂൾതലത്തിലും ഗ്രാമപ്രദേശത്തും എത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച കർഷകനായ അദേഹം കൊളച്ചേരി പഞ്ചായത്തിൽ കർഷകശ്രീ അവാർഡിന് അർഹനായിട്ടുണ്ട്.
ഇന്ന് ബസ് ഗതാഗതം ഉള്ള ചേലേരി അമ്പലം - ഇടക്കൈത്തോട് റോഡ് വർഷങ്ങൾക്ക് മുമ്പ് കുട്ടികളെ പഠിപ്പിച്ച് സ്കൂൾ വിട്ടതിനുശേഷം വീട്ടിൽ വന്ന് വൈകുന്നേരങ്ങളിലും രാത്രികളിലും ചൂട്ടു വെളിച്ചത്തിന്റെ സഹായത്താൽ നിർമ്മിച്ചതാണെന്ന സത്യം പറയുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ അതിശയോക്തി തോന്നാം.
കൂടാതെ കൊളച്ചേരി പറമ്പിൽ അദേഹം ഒറ്റയ്ക്ക് ഒരു കിണർ കുഴിക്കുകയും ചെയ്തിരുന്നു.ജീവിക്കുന്ന കാലത്ത് സമൂഹത്തിന് നൻമ ചെയ്തത് കൂടാതെ മരണ ശേഷവും സമൂഹത്തിനും മെഡിക്കൽ വിദ്യാർഥികൾക്കും വൈദ്യശാസ്ത്രത്തിനും ഉപകരിക്കത്തക്ക വിധം തൻ്റെ മൃതശരീരം പരിയാരം മെഡിക്കൽ കോളേജിന് വിട്ടു നൽകിയ മാഷിന്റെയും കുടുംബാംഗങ്ങളുടെയും നല്ല മനസ്സിനെ എന്നും ജ്വലിക്കുന്ന ഓർമ്മകളായി നമുക്ക് നിലനിർത്താം.