കുട്ടികളിൽ കൗതുകം ജനിപ്പിച്ച് ഒറ്റക്കണ്ണൻപോക്കറും മണ്ടൻ മുത്താപ്പയും പാത്തുമ്മയുടെ ആടും കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെത്തി


കൊളച്ചേരി
:- 'ബെയ് രാജാവേ ബെയ് രാജാവേ ബെയ്.... ഒന്ന് വെച്ചാ രണ്ട്, രണ്ട് വെച്ചാ നാല്......' ഒറ്റക്കണ്ണൻപോക്കറിൽനിന്ന് മുച്ചീട്ടുകളി പഠിക്കാൻ നടക്കുന്ന മണ്ടൻ മുത്താപ്പ.അവർ രണ്ട് പേരും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങൾ.... ഒടുവിൽ മകൾ സൈനബയെ കിട്ടണമെങ്കിൽ മുച്ചീട്ട് കളിയിൽ തന്നെ തോല്പിക്കണമെന്ന് പോക്കർ. കളിയിൽ മുത്താപ്പ ജയിക്കുന്നു. സൈനബയെ സ്വന്തമാക്കുന്നു.ജയിക്കാനുള്ള സൂത്രം പറഞ്ഞ് കൊടുത്തത് സൈനബയാണെന്നറിഞ്ഞപ്പോൾ പോക്കർ ആകെ തകരുന്നു.... വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുച്ചീട്ടുകളിക്കാരൻ്റെ മകൾ എന്ന കഥ നാടകമാക്കിയപ്പോൾ ഖത്തറിലും മയ്യിൽ നാടകക്കൂട്ടത്തിൻ്റെ വേദികളിലും ഒറ്റക്കണ്ണൻ പോക്കറായി നിറഞ്ഞാടിയ  മനീഷ് സാരംഗിയും, മണ്ടൻ മുത്താപ്പയെ തന്മയത്വത്തോടെ അവതരിപ്പിച്ച ജി.വി.ഷാജിയും ബഷീർ ദിനത്തിൽ സ്കൂളിലെത്തി കഥാപാത്രങ്ങളായി മാറിയപ്പോൾ കുട്ടികൾക്ക് കൗതുകം.


 കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ബഷീർ ദിനാഘോഷത്തിലാണ് നാടകത്തിലെ രംഗങ്ങൾ അവതരിപ്പിച്ചത്. ഒടുവിൽ ബഷീറിൻ്റെ പാത്തുമ്മയുടെ ആടും സ്കൂളിലെത്തിയത് അനുസ്മരണ പരിപാടിയെ കൂടുതൽ രസകരവും അർഥപൂർണവുമാക്കി മാറ്റി.വിദ്യാരംഗം പ്രസിഡൻ്റ് അനവദ്യ.ടി.വി. അധ്യക്ഷത വഹിച്ചു.മനീഷ് സാരംഗി ഉദ്ഘാടനം ചെയ്തു.വായനാ വാരത്തിൽ തയ്യാറാക്കിയ വർണച്ചിറകുകൾ കയ്യെഴുത്ത് മാസിക പ്രകാശനം മനീഷ് നിർവഹിച്ചു.

 എസ്.എസ്.ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ മാസിക ഏറ്റുവാങ്ങി.പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ ആമുഖ വിശദീകരണം നടത്തി.ജി.വി.ഷാജി, നമിത പ്രദോഷ്, ടി.മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. വിദ്യാരംഗം സെക്രട്ടരി ഹൈഫ സീനത്ത് സ്വാഗതവും സ്കൂൾ ലീഡർ നിപുണ നന്ദിയും പറഞ്ഞു. ബഷീർ ജീവചരിത്രം, കഥകളുടെ  അനിമേഷൻ വീഡിയോ പ്രദർശനം, പുസ്തക പരിചയം എന്നിവയും നടന്നു.








Previous Post Next Post