കണ്ണുർ:-ഒറ്റയ്ക്ക് ഉടുപ്പിന്റെ കുടുക്കിടാനോ ഷൂ ലേയ്സ് കെട്ടാനോ സാധിക്കാത്തവർ...നിസ്സാരമെന്ന് നമുക്ക് തോന്നുന്നതൊക്കെയും സാധ്യമാക്കാൻ വർഷങ്ങൾ വേണ്ടിവരുന്നവർ.. ചേർത്തു പിടിക്കാമെന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും ശാസ്ത്രീയമായ കരുതലും പരിചരണവും പരിശീലനവും നൽകി അവരെ സംരക്ഷിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുകയാണ് കരിവെള്ളൂർ-പെരളം പുത്തൂരിലെ ക്ഷേമാലയം ബഡ്സ് സ്പെഷൽ സ്‌കൂൾ. മാനസിക വെല്ലുവിളി നേരിടുന്ന 41 പേരാണ് കരിവെള്ളൂർ- പെരളം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഈ വിദ്യാലയത്തിലെത്തുന്നത്. മക്കൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച് മറ്റു ജോലികൾ ചെയ്യാനാവാത്ത അമ്മമാർക്കായി തൊഴിൽ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു. വീട്ടകങ്ങളിൽ ഒതുങ്ങിപ്പോകുന്ന കുട്ടികൾക്കും അമ്മമാർക്കും ക്ഷേമാലയം ആശ്വാസകേന്ദ്രമാണ്.
ആറ് മുതൽ 18 വയസ്സുവരെയുള്ളവരാണ് ഇവിടെയെത്തുന്നത്. 30ന് മുകളിൽ പ്രായമുള്ള മൂന്ന് പേരും ഇവർക്കൊപ്പമുണ്ട്. ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം, മൾട്ടിപ്പിൾ ഡിസബലിറ്റി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവരാണ് ഇവർ. രാവിലെ പത്ത് മണി മുതൽ വൈകിട്ട് 3.30 വരെയാണ് ക്ഷേമാലയത്തിൽ സമയം ചെലവഴിക്കുക. 18 വയസ്സിനു മുകളിലുള്ളവർക്ക് തൊഴിൽ പരിശീലനവും നൽകുന്നു. മൂന്ന് പേർക്ക് പ്രതിമാസം ആയിരം രൂപ സ്റ്റൈപ്പന്റും ലഭിക്കുന്നുണ്ട്.
ഡോർ മാറ്റ്, മെഴുകുതിരി, പേപ്പർ പേനകൾ, വാടാർ മല്ലി എന്ന പേരിൽ സോപ്പ് പൊടി, ലോഷൻ തുടങ്ങിയ ഉൽപ്പന്നങ്ങളും ഇവർ നിർമിക്കുന്നുണ്ട്. അമ്മമാരുടെ സഹായത്തോടെയാണ് ഇത് വിറ്റഴിക്കുന്നത്. ഇതോടൊപ്പം അമ്മമാരുടെ തയ്യൽ യൂണിറ്റും പ്രവർത്തിക്കുന്നു. പയ്യന്നൂർ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, പിലിക്കോട് തുടങ്ങി മറ്റ് പ്രദേശങ്ങളിൽ നിന്നും വിദ്യാർഥികൾ ഇവിടെ എത്തുന്നുണ്ട്.
പ്രിൻസിപ്പൽ എ ദീപികയും അധ്യാപിക എം വി ഷീജയും ഇവരോടൊപ്പമുണ്ട്. ആയമാരായ ടി ബീനക്കും എൻ പി മിനിക്കുമാണ് പരിചരണ ചുമതല. ഒപ്പം കുക്കും ഡ്രൈവറും ഉണ്ട്.
ആഴ്ചയിൽ മൂന്ന് ദിവസം സ്പീച്ച് തെറാപ്പി നൽകാൻ കെ വി അഞ്ജലിയും ഫിസിയോതെറാപ്പിക്കായി ഫാരിഷ ഷെരീഫും ഇവിടെയെത്തുന്നു. ട്രെഡ്മിൽ, സ്റ്റാറ്റിക് സൈക്കിൾ, ലാഡർ, ബോൾ പൂൾ, സ്പീച്ച് കിറ്റ് തുടങ്ങിയ ഉപകരണങ്ങളിൽ ഇവർക്കാവശ്യമായ പരിശീലനം നൽകുന്നുണ്ട്. 11 വയസ്സുകാരൻ സ്മിജുലും ഏഴ് വയസ്സുകാരി ദിയയും ഇപ്പോൾ കൂടുതൽ സ്മാർട്ടായെന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തി. കൂടുതലൊന്നും അറിയില്ലെങ്കിലും വിശാലമായ ഈ ലോകം തങ്ങളുടേതു കൂടിയാണെന്ന തിരിച്ചറിവ് ഇവർക്കുണ്ട്.
പരിമിതമായ സൗകര്യങ്ങളോടെ 2009ലാണ് ക്ഷേമാലയം ബഡ്സ് സ്‌കൂൾ ആരംഭിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര പരിശ്രമങ്ങൾ ഈ സ്ഥാപനത്തിന്റെ വിജയത്തിനു പിന്നിലുണ്ട്. ജനകീയ പിന്തുണയോടെ സംഭാവനകൾ സ്വീകരിക്കുകയും കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം ലഭിക്കുകയും ചെയ്തു. പ്രതിവർഷം 30 ലക്ഷത്തോളം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ഇവിടെ നടപ്പാക്കുന്നത്. ജീവനക്കാരുടെ ശമ്പളം, കുട്ടികൾക്കാവശ്യമായ വാഹനസൗകര്യം, ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ എന്നിവ നൽകുന്നു. എല്ലാവർഷവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഞ്ച് ലക്ഷം രൂപ ഗ്രാന്റും ലഭിക്കുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയിൽ ഭക്ഷണവും ഉറപ്പുവരുത്തുന്നു. വികസനമാനേജ്മെന്റ് സമിതി, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെ പഠനോപകരണങ്ങൾ, യൂനിഫോം എന്നിവ സംഭാവനയായി ലഭിക്കുന്നുമുണ്ട്. കൂക്കാനത്ത് നെസ്റ്റ് കോളേജ് സൗജന്യമായി നൽകിയ 50 സെന്റിൽ ക്ഷേമാലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുകയാണ്. ഒരു കോടി രൂപ ചെലവിൽ ഒരുങ്ങുന്ന കെട്ടിടത്തിന് എം എൽ എ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ലഭിച്ചു. ജില്ലാ പഞ്ചായത്തും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇനി ഭിന്നശേഷിക്കാരുടെ പുനരധിവാസം കൂടി ഉറപ്പുവരുത്താനാണ് പഞ്ചായത്തിന്റെ ശ്രമം.