ചിറക്കൽ കുണ്ടൻചാൽ കോളനി വാസികളെ മാറ്റിപ്പാർപ്പിച്ചു

പുതിയതെരു:-ചിറക്കൽ ഗ്രാമ പഞ്ചായത്തിലെ തട്ടു കോളനിയായ കുണ്ടൻചാൽ കോളനിയിലെ പാർശ്വഭിത്തികൾ ഇളകി മണ്ണൊലിപ്പും വീടുകൾക്ക് നാശവുമുണ്ടാകാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് പ്രദേശവാസികളെ മാറ്റി താമസിപ്പിച്ചു. സുരക്ഷിത സ്ഥലങ്ങളിൽ താമസിക്കുന്ന ബന്ധുക്കളുടെ വീടുകളിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചത്. അപകട ഭീഷണി നിലനില്ക്കുന്ന ചിറക്കലിലെ എസ് സി കോളനിയായ കിഴക്കേമൊട്ട നിവാസികളേയും  ആവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കും.

ജില്ലയിൽ കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അഴീക്കോട്  മണ്ഡലത്തിൽ കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ദുരന്ത നിവാരണ പ്രവർത്തന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. മുഖ്യമന്തിയുടെ നിർദ്ദേശപ്രകാരമാണ് ജാഗ്രതാ സമിതി യോഗം ചേർന്നത്.  

ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. 

 ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന പാപ്പിനിശ്ശേരി ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ട് നിലനില്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. മണ്ഡലത്തിലെ  അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റും. ഓരോ പഞ്ചായത്തിലും അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ പ്രചരിപ്പിക്കും. ഫയർഫോഴ്സ്, പോലീസ്, കെഎസ്ഇബി തുടങ്ങിയവരെ ഉൾപ്പെടുത്തി പഞ്ചായത്തുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. 


അടിയന്തിര സാഹചര്യത്തിൽ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച്  രക്ഷാപ്രവര്‍ത്തനം നടത്താൻ യോഗത്തിൽ നിർദേശിച്ചു. മാറിത്താമസിക്കേണ്ട ഇടങ്ങളിൽ ജനങ്ങൾ അതിനോട് സഹകരിക്കാനും തീരങ്ങളിൽ കടലാക്രമണ ജാഗ്രത പാലിക്കാനും മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കാനും യോഗത്തിൽ എംഎൽഎ നിർദ്ദേശിച്ചു.കെ.വി സുമേഷ് എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ

എഡിഎം  കെ കെ ദിവാകരൻ, ജില്ലാ പഞ്ചായത്ത് അംഗം  അഡ്വ.ടി സരള, ഗ്രാപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രുതി ( ചിറക്കൽ),  കെ അജീഷ് (അഴീക്കോട് ), കെ രമേശൻ (നാറാത്ത്), എ വി  സുശീല (പാപ്പിനിശ്ശേരി), പി പി ഷമീമ (വളപട്ടണം),  കൗൺസിലർമാർ , പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു

Previous Post Next Post