മയ്യിൽ:- മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാൻ സ്ഥലം അനുവദിച്ചു. മയ്യിൽ-കാഞ്ഞിരോട് റോഡിൽ നിരത്തുപാലത്തിനു സമീപം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 40 സെന്റ് പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പിന് കൈമാറി ഉത്തരവിറങ്ങിയത്.
തുടർന്ന് അസി. പോലീസ് കമ്മിഷണർ ടി.പി.രത്നകുമാർ, മയ്യിൽ ഇൻസ്പെക്ടർ ടി.പി.സുമേഷ്, എസ്.ഐ. കെ.പി.മനോജ് എന്നിവർ സ്ഥലംസന്ദർശിച്ച് പരിശോധന നടത്തി.
സംസ്ഥാന റവന്യുവകുപ്പിൽനിന്ന് ആഭ്യന്തരവകുപ്പിന് കെട്ടിടം നിർമാണത്തിനും മറ്റുമായുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് കമ്മിഷണർ പറഞ്ഞു. അഞ്ച് പഞ്ചായത്തുകൾ പ്രവർത്തന പരിധിയായുള്ള സ്റ്റേഷനാണിത്. കെട്ടിടംപണിയാനായി പലയിടത്തും സ്ഥലം തിരഞ്ഞെങ്കിലും സാങ്കേതികത്വത്തിൽ തട്ടി എല്ലാം ഒഴിവാകുകയായിരുന്നു. ഒടുവിൽ രണ്ടുവർഷം മുൻപാണ് മയ്യിൽ-കാഞ്ഞിരോട് റോഡിലെ പൊതുമരാമത്ത് വകുപ്പ് പുറമ്പോക്ക് ഭൂമിക്കായി ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഇടപെടലുകൾ നടത്തിയത്.
2010-ൽ താത്‌കാലികമായി പ്രവർത്തനം തുടങ്ങിയ പഴയ ഒറ്റനില ഓടിട്ട കെട്ടിടത്തിലാണ് ഇന്നും സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
പരാതികളുമായെത്തുന്നവർക്ക് സ്റ്റേഷന്റെ മുറ്റത്ത് നിൽക്കേണ്ട അവസ്ഥയാണ്. പിടിച്ചെടുക്കുന്ന വാഹനങ്ങളും മറ്റും സൂക്ഷിക്കാനും സ്ഥലമില്ല. വനിതാ പോലീസുൾപ്പെടെ അൻപതിലധികം ജീവനക്കാരുള്ള കെട്ടിടത്തിൽ ചോർന്നൊലിക്കുന്ന ഒരു ശൗചാലയം മാത്രമാണുള്ളത്.