കുറ്റ്യാട്ടൂർ:-വിജ്ഞാന-സമ്പദ് വ്യവസ്ഥയ്ക്ക് ഉതകുന്ന വിദ്യാഭ്യാസമാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി. അതിന് പരിഹാരം കാണാൻ കേരളത്തിനാകും. വിജ്ഞാനം മൂലധനമായി സംരഭത്തിലേക്ക് കടക്കാനാകണം. ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ തുടങ്ങണം. ഇതിലൂടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് ജോലി നൽകാനാകും. നാലു വർഷം കൊണ്ട് 20 ലക്ഷം അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് സർക്കാർ തൊഴിൽ നൽകും. തൊഴിലില്ലായ്മ പരിഹരിച്ചാൽ ലോക വികസിത രാജ്യങ്ങൾക്കൊപ്പം കേരളത്തിനെത്താനാകും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ പഠനരീതി കാലാനുസൃതമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മന്ത്രി അനുമോദിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ കിലയുടെ സഹകരണത്തോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് എഇ സരിത പി ഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, ഇരിക്കൂർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ പി കെ മുനീർ, കുറ്റിയാട്ടൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി പ്രസീത, അംഗം പി ഷീബ, പിടിഎ പ്രസിഡണ്ട് കെ പ്രകാശൻ, കില കിഫ്ബി മാനേജ്മെന്റ് യൂനിറ്റ് ചീഫ് മാനേജർ ആർ എസ് അനിൽകുമാർ, സ്‌കൂൾ വികസന സമിതി ചെയർമാൻ കെ നാണു, മുൻ പിടിഎ പ്രസിഡണ്ട് എൻ അനിൽകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ എ വി ജയരാജൻ, പ്രധാന അധ്യാപകൻ എം സി ശശീന്ദ്രൻ, മുൻ അധ്യാപിക എൻ ജയലതിക, മദർ പിടിഎ പ്രസിണ്ട് കെ എം ഷീബ എന്നിവർ സംസാരിച്ചു.