കൊളച്ചേരി :- ഒരു കാലത്ത് നമ്മുടെ നാട്ടിലെ പറമ്പുകളിലും വയലുകളിലും തെങ്ങിൻ തോപ്പുകളിലുമെല്ലാം കുട്ടികളുടെ കളിക്കൂട്ടങ്ങളാൽ നിറഞ്ഞിരുന്നു.അന്നവർ കളിച്ചിരുന്നത് ക്രിക്കറ്റും ഫുട്ബാളുമായിരുന്നില്ല. വൈവിധ്യമാർന്ന നാടൻ കളികളായിരുന്നു. ബുദ്ധിയും സാമർഥ്യവും കായികക്ഷമതയും വളർത്തുന്നതിനുള്ള നാടൻ കളികൾ.മഴക്കാലമായാൽ ഇറയത്തിരുന്ന് കളിക്കാൻ വേറെയും ചില കളികൾ. മിക്കകളികളിലും ചില ഗണിതശേഷികളും കൂടി ഉൾപ്പെട്ടിരിക്കും. അത്തരം കളികളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ലോക നാട്ടറിവ് ദിനമായ ഇന്നലെ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ.
സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് അംഗങ്ങളായ സി.സത്യൻ, കെ.വിനോദ് കുമാർ, സി.ബാലകൃഷ്ണൻ എന്നിവരാണ് കളികൾ പരിചയപ്പെടുത്തിയത്.ഇട്ടിയും കോലും, വരേക്കുത്ത്, അപ്പച്ചാണ്ടി, കബഡി, കൊത്തം കല്ല് തുടങ്ങിയ കളികളാണ് പരിചയപ്പെടുത്തിയത്.
കുരുത്തോല കൊണ്ട് ആട്ടയും പീപ്പിയും വാച്ചും ഗോപുരവുമെല്ലാം ഉണ്ടാക്കുന്നതും കുട്ടികളെ പരിചയപ്പെടുത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി പ്രസിഡൻറ് അനവദ്യ നന്ദി പറഞ്ഞു.