റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് മരണപ്പെട്ട കണ്ണൂർ കാപ്പാട് സ്വദേശി സജീവന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 32 വർഷമായി മജ്മയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും മജ്മ കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് റിയാദിലുള്ള പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസിസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾക്കും മറ്റു സഹായങ്ങൾക്കുമായി സജീവന്റെ സഹോദരനും മകനും, സൗദി അറേബ്യയിലെ കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ ബന്ധപ്പെടുകയും തുടർ നടപടികൾക്കായി കേളിയുടെ സഹായം അഭ്യർഥിക്കുകയുമായിരുന്നു. തുടർന്ന് എംബസിയിലെയും മറ്റും അനുബന്ധ രേഖകൾ ശരിയാക്കി സൗദി എയർ ലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. സജീവന്റെ മരുമകൻ ശരത് മൃതദേഹത്തെ അനുഗമിച്ചു. പാറിക്കൽ ഉത്തമൻ - ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ - സീമ, മക്കൾ - ജീഷ്മ, ജിഷ്ണു.