തെരുവുനായ ആക്രമണം: നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ എസ്.ഡി.പി.ഐ. പ്രതിഷേധ കുത്തിയിരുപ്പ് നടത്തി

 


നാറാത്ത്: 'കേരളത്തെ തെരുവുനായകള്‍ കടിച്ചുകീറുന്നു, അധികാരികള്‍ നിസ്സംഗത വെടിയുക' എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കുത്തിയിരുപ്പ് നടത്തി. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് നാറാത്ത് ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ പ്രതിഷേധ കുത്തിയിരുപ്പ് നടത്തിയത്. 

എസ്.ഡി.പി. ഐ. അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അബ്്ദുല്ല നാറാത്ത് ഉദ്ഘാടനം ചെയ്തു. തെരുവുനായകളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് ഗ്രാമപ്പഞ്ചായത്തുകള്‍ മുഖേന നഷ്ടപരിഹാരം നല്‍കണമെന്ന് അബ്ദുല്ല നാറാത്ത് ആവശ്യപ്പെട്ടു. നാറാത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് എട്ടോളം പേരെ തെരുവുനായ കടിച്ചു. തെരുവുനായയുടെ ആക്രമണത്തിനിരയായവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണം. 

അല്ലാത്തപക്ഷം ഭീതിജനകമായ ഫലമുണ്ടാക്കും. തെരുവുനായകളുടെ വന്ധ്യംകരണം ശക്തിപ്പെടുത്തണം. വന്ധ്യംകരണത്തിന്റെ പേരിലുള്ള തട്ടിപ്പ് അവസാനിപ്പിക്കണമെന്നും അബ്ദുല്ല നാറാത്ത് പറഞ്ഞു. എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അനസ് മാലോട്ട്, ജോയിന്റ് സെക്രട്ടറി ജവാദ് കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

Previous Post Next Post