മയ്യിൽ:- വിദ്യാലയത്തിലെത്താനാകാത്ത ഗൃഹാധിഷ്ഠിത പഠിതാക്കളുടെ വീടുകളിൽ സമഗ്രശിക്ഷാപദ്ധതിയുടെ നേതൃത്വത്തിലുള്ള ചങ്ങാതിക്കൂട്ടം ഓണാഘോഷം നടത്തി. അധ്യാപകർ, ജനപ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ, വിദ്യാർഥികൾ, നാട്ടുകാർ തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് വീടുകളിലെത്തി ഓണാഘോഷം നടത്തിയത്.
തളിപ്പറമ്പ് സൗത്ത് ബി.ആർ.സി. തല പരിപാടിയുടെ ഉദ്ഘാടനം കണ്ടക്കൈപറമ്പിൽ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഡെപ്യൂട്ടി പ്രഥമാധ്യാപിക എം.സി.ഷീല നിർവഹിച്ചു. കുട്ടികൾക്കുള്ള ഓണക്കോടി വിതരണം മയ്യിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വി.വി.അനിത നിർവഹിച്ചു. കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റിയംഗം കെ.സി.സുനിൽ, സി.ആർ.സി. കോ ഒാർഡിനേറ്റർ സി.കെ.രേഷ്മ, കെ.പി.രാധാകൃഷ്ണൻ, സ്പെഷ്യൽ എജ്യുക്കേറ്റർമാരായ കെ.ഐശ്വര്യ, പി.പി.ഗാർഗി, പി.ശാരിക, സ്നേഹവീണ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തുതല ഉദ്ഘാടനം കടൂർ ഒറവയലിൽ ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ ഉദ്ഘാടനം ചെയ്തു. ഒറവയൽ അങ്കണവാടി വർക്കർ എ.ലളിത അധ്യക്ഷത വഹിച്ചു. സി.ആർ.സി. കോ ഓർഡിനേറ്റർ ശങ്കരനാരായണൻ, കെ.ഇർഷാദ് എന്നിവർ സംസാരിച്ചു.