എട്ടേയാർ-ചാലോട് റോഡ് അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു;കർമസമിതി രൂപവത്‌കരണയോഗം ഞായറാഴ്ച

 


കുറ്റ്യാട്ടൂർ:-  കൃത്യമായി അറ്റകുറ്റപ്പണികൾ നടക്കാത്തതും ആവശ്യത്തിന് വീതിയില്ലാത്തതുമായ എട്ടേയാർ-ചാലോട് റോഡ് അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

സമരം ആസൂത്രണംചെയ്യുന്നതിനുള്ള കർമസമിതി രൂപവത്‌കരണയോഗം ഞായറാഴ്ച 4.30-ന് കുറ്റ്യാട്ടൂർ കാരാറമ്പിൽ വിളിച്ചുചേർത്തിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് നാട്ടുകാർ സമരത്തിനിറങ്ങുന്നത്.

കണ്ണൂർ വിമാനത്താവളം റോഡ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുവരിപ്പാതയായി നവീകരിക്കാൻ തീരുമാനിച്ച ചൊറുക്കള-മയ്യിൽ-ചാലോട് റോഡിന്റെ ഭാഗമാണിത്.


ചെക്യാട്ട്കാവ് മുതൽ എട്ടേയാർ വരെയുള്ള ഭാഗങ്ങൾ രണ്ടുവരിപ്പാതയായി വികസിപ്പിച്ചെങ്കിലും എട്ടേയാർ മുതൽ ചാലോട് വരെയുള്ള 12 കിലോമീറ്ററോളം ഭാഗം വർഷങ്ങളായി തകർന്നുകിടക്കുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള റോഡാണിത്.

കിഫ്ബി ഫണ്ടുപയോഗിച്ചുള്ള റോഡ് നവീകരണം പൂർത്തിയാവാൻ മൂന്ന് വർഷമെങ്കിലുമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. റോഡിന്റെ സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള ഏജൻസിയെ കണ്ടെത്താനുള്ള ടെൻഡർ ക്ഷണിക്കുന്നതിനുള്ള നടപടി മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. ആറുമാസമെടുക്കും ഈ ജോലി പൂർത്തിയാകാൻ.

പിന്നീട് സാങ്കേതികാനുമതിയും ഭരണാനുമതിയും ടെൻഡർ നടപടികളും കഴിയാൻ പിന്നെയുമെടുക്കും ആറുമാസത്തോളം. ടെൻഡർ കഴിഞ്ഞ് പ്രവൃത്തി പൂർത്തിയാകാൻ രണ്ടുവർഷമെങ്കിലുമെടുക്കുമെന്നും ബന്ധപ്പെട്ടവർ സൂചന നൽകുന്നു.

കിഫ്ബി ഫണ്ടുപയോഗിച്ച് വികസിപ്പിക്കാൻ തീരുമാനിച്ചതിനാൽ ഈ റോഡിന്റെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് വേറെ പണം അനുവദിക്കില്ലെന്നതാണ് പ്രധാന പ്രശ്നം.

ഒരുഡസനിലേറെ ബസുകൾ സർവീസ് നടത്തുന്ന റോഡ് പലയിടത്തും തകർന്നു. കൊടും വളവുകളും കയറ്റിറക്കങ്ങളുമുള്ള റോഡിന് ആവശ്യത്തിന് വീതിയുമില്ല. റോഡിന്റെ ഇരുവശങ്ങളും കാട്മൂടിക്കിടക്കുകയുമാണ്‌.


Previous Post Next Post