കണ്ണൂർ:-അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ പൊതുദര്‍ശനം തലശ്ശേരി ടൗണ്‍ ഹാളിൽ തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് മൂന്ന് മണി മുതൽ ടൗണ്‍ ഹാളിലെത്തി കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. സാമൂഹിക - സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കാൻ തലശ്ശേരിയിൽ എത്തി. രാത്രി എട്ട് മണിയോടെ പൊതുദര്‍ശനം അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും രാത്രി വൈകിയും ആളുകൾ കൂടുതൽ എത്തിയതോടെ പൊതുദര്‍ശനം വിചാരിച്ചതിലും നീണ്ടു. പതിനൊന്ന് മണിയോടെ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളിൽ നിന്നും ഈങ്ങൽപ്പീടികയിലേക്ക് വസതിയിലേക്ക് കൊണ്ടു വരും. ബന്ധുക്കളും നാട്ടുകാരും കൂടാതെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കോടിയേരിയുടെ വീട്ടിലും അവസാനമായി ഒന്നു കാണാൻ കാത്തിരിക്കുന്നത്.
കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനും കോടിയേരി സഖാവിനെ അവസനമായി ഒരു നോക്ക് കാണാൻ ഇന്ന് തലശ്ശേരി ടൗണ്‍ ഹാളിലേക്ക് എത്തി. സിപിഎം പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് പുഷ്പനെ ടൗണ്‍ ഹാളിലേക്ക് എത്തിച്ച് അന്തിമോപചാരം അര്‍പ്പിക്കാൻ അവസരമെൊരുക്കിയത്. ടൗണ്‍ഹാളിലേക്ക് പുഷ്പൻ എത്തിയതോടെ വൈകാരിക രംഗങ്ങളാണ് ഉണ്ടായത്. മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ പുഷ്പനൊപ്പം കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു