ചൊറുക്കള - എട്ടേയാർ - ചാലോട് റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി


മയ്യിൽ:-
ചൊറുക്കള-മുല്ലക്കൊടി-എട്ടേയാർ-ചാലോട് റോഡ് നവീകരണം പ്രവൃത്തികൾക്ക് തുടക്കമായി. വിമാനത്താവളം റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 13.6 മീറ്റർ വീതിയിൽ 25 കിലോമീറ്റർ ദൂരമാണ് റോഡ് വികസിപ്പിക്കുന്നത്. നിലവിൽ എട്ട് മീറ്ററാണ് ഈ റോഡിന്റെ വീതി.

ചെക്യാട്ട്കാവ് മുതൽ എട്ടേയാർ വരെയുള്ള ഭാഗം മെക്കാഡം ടാറിട്ടതാണ്. പക്ഷേ, ആവശ്യത്തിന് വീതിയില്ല. പുതുതായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിർത്തി നിർണയിച്ച് കുറ്റികൾ സ്ഥാപിച്ച് പൊതുമരാത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറി.

സ്ഥലം ഏറ്റെടുക്കുന്ന ജോലികൾ പകുതി മാത്രമേ പൂർത്തിയായുള്ളൂ. ഏഴ് ഹെക്ടർ ഭൂമിയാണ് കൂടുതലായി ഏറ്റെടുക്കുന്നത്.സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. പുറത്തുള്ള ഏജൻസികളാണ് പഠനം നടത്തുക. റോഡ് വീതികൂട്ടുമ്പോൾ നഷ്ടപ്പെടുന്ന കെട്ടിടങ്ങളുടെയും മരങ്ങളുടെയും എണ്ണം, കടകളും മറ്റും പൊളിച്ചുമാറ്റുമ്പോൾ ഉപജീവനം നഷ്ടമാവുന്നവരുടെ എണ്ണം, പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുമോ തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിൽ ഉൾപ്പെടുക. ഈ പഠനത്തിന് ആറുമാസത്തെ സമയം അനുവദിക്കും.

തുടർന്ന് ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം പ്രാദേശികമായി വിളിച്ചുചേർത്ത് നഷ്ടപരിഹാരം നിർണയിക്കും.ഈ പ്രക്രിയകൾ പൂർത്തിയാവാൻ ഒരു വർഷത്തോളമെടുക്കുമെന്നാണ് കണക്കാക്കുന്നത്.ഇതിനു ശേഷമായിരിക്കും ടെൻഡർ നടപടികളിലേക്ക് കടക്കുക. ടെൻഡർ ഏറ്റെടുത്ത് പണി പൂർത്തിയാകാൻ രണ്ടുവർഷമെങ്കിലുമെടുക്കും.

കൊളച്ചേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കണം. പഴയ പൈപ്പുകൾ ദുർബലവും ഇടയ്ക്കിടെ പൊട്ടുന്നവയുമാണ്.

Previous Post Next Post