കണ്ണൂർ:- "കാലമായോരെ കയറിൽ കുരുക്കി തെക്കോട്ടെടുക്കും കരിങ്കാലൻ.. കാലാ കാലാകാല...." എന്നു തുടങ്ങുന്ന വരികളിലൂടെ കാലനും കഞ്ചനും അരങ്ങ് കീഴടക്കുന്നു. കണ്ണൂർ മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയ്യിൽ അഥീന നാടക - നാട്ടറിവ് വീട് അരങ്ങിലെത്തിക്കുന്ന തിറയാട്ടം നാടൻ പാട്ട് മേളയിലാണ് ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി "കാലനും കഞ്ചനും " എന്ന പേരിൽ ദൃശ്യാവിഷ്കാരം വേദികളിൽ അവതരിപ്പിക്കുന്നത്. ഉത്തര മലബാറിലെ നാടൻ പാട്ടു സമിതികളുടെ പാട്ടരങ്ങുകളുടെ പതിവു രീതികളിൽ നിന്നും വ്യത്യസ്തമായി ഉത്സവഛായയുള്ള ദൃശ്യാവിഷ്കാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് തിറയാട്ടം അവതരിപ്പിക്കപ്പെടുന്നത്.
പത്തിലധികം ദൃശ്യാവിഷകാരങ്ങളും ഇരുപതിലേറെ കലാരൂപങ്ങളുമായി അരങ്ങിലെത്തുന്ന തിറയാട്ടം നാടൻ പാട്ടുമേളയിൽ ആസ്വാദനത്തിനപ്പുറം ചിന്തകൾ ഉണർത്തുന്ന ഇനങ്ങൾ കൂടി വേണമെന്ന ആലോചനയിലാണ് കാലനും കഞ്ചനും ദൃശ്യാവിഷ്കാരം പിറക്കാനിടയായതെന്ന് സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും അഥീനയുടെ പ്രസിഡണ്ടുമായ ദിൽന കെ തിലക് പറഞ്ഞു.
ഈ കാലഘട്ടം ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട വിഷയം എന്ന നിലയിലാണ് ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി നാടൻ പാട്ടിൽക്കൂടി ഒരു ശ്രമം നടത്തുന്നതെന്ന് ഫോക് ലോർ അവാർഡ് ജേതാവ് റംഷി പട്ടുവം പറയുന്നു.
കാലൻ അരങ്ങിലെത്തി തന്റെ ഇരയെ തിരയുകയും ന്യൂജൻ ലഹരി അടിമയായ വിദ്യാർത്ഥിയെ സദസിൽ നിന്നും കണ്ടെത്തി വിചാരണ നടത്തി യമപുരിയിലേക്ക് കൊണ്ടുപോകുന്നതോടൊപ്പം സദസിന് ലഹരി വിരുദ്ധ സന്ദേശം കൈമാറുന്ന ലഘു ലേഖ വിതരണവും ചെയ്യുന്നു.
രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ രചനയിൽ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും ഗായകനുമായ ശരത്കൃഷ്ണ സംഗീതം നൽകി റംഷി പട്ടുവം, ജിത്തു കൊടക്കാട്, ശ്രീത്തു ബാബു എന്നിവരാണ് ആലപിക്കുന്നത്.
നാടക പ്രവർത്തകനും സിനിമാ നടനുമായ അനുരാഗ് സതീഷ് , ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി വിധുൻ പി കോറളായിയുമാണ് കാലനും കഞ്ചനുമായി വേഷമിടുന്നത്. കലാസംവിധായകനും കൊറിയോഗ്രാഫറുമായ സന്തോഷ് കരിപ്പൂൽ, നന്ദു ഒറപ്പടി എന്നിവരാണ് രംഗഭാഷ്യം ഒരുക്കിയത്.