മയ്യിൽ :- കോവിഡ് നാളുകൾ നഷ്ടപ്പെടുത്തിയ കൂട്ടായ്മയും ഒത്തുചേരലും സഹവാസവുമെല്ലാം തിരികെപ്പിടിക്കുകയാണ് ഇവിടെ ഒരു കൂട്ടം കുരുന്നുകൾ. കൂട്ടുകൂടിയും പാട്ടുപാടിയും നാടകം കളിച്ചും ഒന്നിച്ചുറങ്ങിയും അവർ ഇരുപത്തിയാറുപേർ രണ്ട് ദിനങ്ങൾ മനോഹരമാക്കി. കൂട്ടിന് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമുണ്ടായി.
കയരളം നോർത്ത് എ എൽ പി സ്കൂളാണ് കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികളിലെ സർഗശേഷി, സർവർത്തിത്വം, നേതൃപാടവം, സംഘബോധം എന്നിവ വളർത്തുന്നതിനുള്ള വിവിധ സെഷനുകൾ ക്യാമ്പിൽ അരങ്ങേറി. കോറളായി ദ്വീപിലേക്കുള്ള പുഴനടത്തവും നദിയിലെ കുളിയും കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചു.
നാടകം, ചിത്രകല, വാനനിരീക്ഷണം, നാടൻപാട്ട്, ഒറിഗാമി എന്നീ വിവിധ സെഷനുകൾ ഷിജു കല്യാട്, രാജു കാഞ്ഞിലേരി, സി കെ സുരേഷ്ബാബു, വി നിഖിൽ, എ അശ്വന്ത് എന്നിവർ കൈകാര്യം ചെയ്തു.