കുറ്റ്യാട്ടൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ കലാ കായിക പ്രതിഭകളെ കണ്ടെത്താൻ ഡിസംബർ 22 മുതൽ 31 വരെ കണ്ണൂർ ഗവൺമെന്റ് എഞ്ചിനിയറിങ്ങ് കോളേജിൽ നടത്തുന്ന ഹാപ്പി നെസ്റ്റ് ഫെസ്റ്റിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിലുള്ള യോഗ മത്സരം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൽ നടത്തി.കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ ചട്ടുകപ്പാറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി റെജി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും മത്സരത്തിൽ പങ്കാളിത്തമുണ്ടായി.
മത്സരത്തിൽ ആന്തൂർ മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനവും കുറുമാത്തൂർ പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ യു.മുകുന്ദന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ യോഗ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് ബാലകൃഷ്ണ സ്വാമി, യോഗ സംസ്ഥാന കോച്ച് കെ.ടി കൃഷ്ണദാസ്, യോഗ ടീച്ചേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സിക്രട്ടറി എം.രാമചന്ദ്രൻ , തളിപ്പറമ്പ് മണ്ഡലം സ്പോർട്സ് കൺവീനർ പി.നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം കൺവീനർ ആർ.വി രാമകൃഷ്ണൻ സ്വാഗതവും വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.അനിത നന്ദിയും പറഞ്ഞു.